ജനസംഖ്യ നിയന്ത്രിക്കാന്‍ വന്ധ്യംകരണം വേണം; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

By Web DeskFirst Published Dec 5, 2016, 5:44 PM IST
Highlights

ബീഹാറിലെ തന്റെ മണ്ഡലമായ നവാഡയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവേയായാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രാജ്യത്ത് ശക്തമായ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പറഞ്ഞത്. ലോക ജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലാണെന്നും എന്നാല്‍ ഇതിനെ ഉള്‍ക്കൊള്ളാനുള്ള ഭൂവിസ്തൃതിയോ ജലസമ്പത്തോ രാജ്യത്തില്ലെന്നും, വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യ രാജ്യത്തിന്റെ വികസനത്തിന് തടസ്സമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞതായാണ് ഒരു ദേശീയ ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയെ നിയന്ത്രിക്കാന്‍ വന്ധ്യംകരണമടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഏറ്റവും യുക്തമായ നടപടിയാണിതെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കിയതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഗിരിരാജ് സിംഗിന്റെ അഭിപ്രായം അദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും ബിജെപി പ്രതികരിച്ചു. 

ജനസംഖ്യ വര്‍ദ്ദിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന ബിജെപി നേതാവ് സഞ്ചയ് പാസ്വാന്‍ ഇതേ അഭിപ്രായവുമായി രംഗത്തെത്തിയതും വിവാദമായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഎം രംഗത്തു വന്നിട്ടുണ്ട്.
 

click me!