പി വി അന്‍വര്‍ എംഎല്‍എക്കെതിരായ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

By Web DeskFirst Published Dec 25, 2017, 9:26 AM IST
Highlights

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എക്കെതിരായ പരാതിയില്‍ ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍.  സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളടക്കം എംഎല്‍എക്കെതിരെ ഉയര്‍ന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ സ്പീക്കര്‍ക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. സത്യവാങ്മൂലത്തില്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ എംഎല്‍എക്കെതിരെ പരാതി നല്‍കിയത്. ഭൂമിയുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതും, രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവച്ചതും പരാതിയിലുണ്ട്. 

പരാതിയെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി മലപ്പുറം കളക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് കളക്ടര്‍ പരാതി പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് കൈമാറി. ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ നിര്‍മ്മാണത്തെ കുറിച്ചടക്കം സര്‍ക്കാര്‍ ഇതിനോടകം നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞു. വില്ലേജ് ഓഫീസ് രേഖകളില്‍ സ്വന്തം പേരിലല്ലാത്ത  ഭൂമി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്‍റേതായി എംഎല്‍എ കാണിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. 

അച്ചടി പിശകെന്ന  ന്യായം എംഎല്‍എ പറയുന്നുണ്ടെങ്കിലും തുടര്‍ച്ചയായി നല്‍കിയ സത്യവാങ്മൂലങ്ങളിലെല്ലാം ഒരേ കാര്യം ആവര്‍ത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള  പ്രാഥമിക വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ നല്‍കിയെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് റവന്യൂവകുപ്പ്.

രണ്ടേക്കറോളം ഭൂമി മാത്രമേ തൃക്കലങ്ങോട് വില്ലേജില്‍ പി വി അന്‍വറിന്‍റെ പേരിലിലുള്ളൂവെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കുമ്പോഴും ആറ് ഏക്കര്‍ ഭൂമിയുടെ നികുതി അടച്ചതിന്‍റെ രേഖകളും, സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ പകര്‍പ്പും  ഏഷ്യാനെറ്റ് ന്യൂസ് കഴി‍ഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 

click me!