പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു; സഭയില്‍ നാടകീയ രംഗങ്ങള്‍

By Web DeskFirst Published Feb 18, 2017, 5:48 AM IST
Highlights

രാവിലെ 11 മണിയോടെ നിയമ സഭ ചേര്‍ന്നു. 234 അംഗങ്ങളുള്ള നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ 11 പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പനീര്‍ സെല്‍വത്തിന് ഡിഎം.കെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ സഭയ്ക്കുള്ളിലേക്ക് കടത്തുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ പതുക്കെയാണ് അറിയുന്നത്. 

ആകെ 234 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 136 അംഗങ്ങളുമായി ജയിച്ചു കയറിയ അണ്ണാ ഡിഎംകെയ്ക്ക് ജയലളിതയുടെ മരണത്തോടെ ഇപ്പോള്‍ 135 അംഗങ്ങള്‍ മാത്രമാണുള്ളത്. സ്പീക്കര്‍ നിര്‍ണായകഘട്ടത്തില്‍ മാത്രമേ സമ്മതിദാനാവകാശം വിനിയോഗിയ്ക്കൂ എന്നതിനാല്‍ അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ 134 അംഗങ്ങളെന്ന് കണക്കുകൂട്ടാം. ഇതില്‍ 123 പേരാണ് എടപ്പാടി കെ പഴനിസ്വാമിയെ പിന്തുണയ്ക്കുന്നത്. പനീര്‍ശെല്‍വത്തിന് 11 എംഎല്‍എമാരുടെ പിന്തുണയുണ്ട്. 117 എന്ന കേവലഭൂരിപക്ഷത്തിന് വേണ്ടത്ര പിന്തുണയുള്ള എടപ്പാടിയുടെ പക്കല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഭദ്രമാണ്.

ആറ് എംഎല്‍എമാരെയെങ്കിലും സ്വപക്ഷത്തേയ്ക്ക് ചാക്കിട്ടുപിടിച്ചാല്‍ എടപ്പാടിയുടെ കേവലഭൂരിപക്ഷത്തിന് ഭീഷണിയാവുമെന്ന കണക്കുകൂട്ടല്‍ ഒപിഎസ്സിനുണ്ടായിരുന്നു. എന്നാല്‍ കൂറുമാറ്റ നിരോധനനിയമം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്നത് അയോഗ്യത വരുത്തി വെയ്ക്കും എന്ന ഭീഷണി എംഎല്‍എമാരുടെ തലയ്ക്ക് മീതെ ഡിമോക്ലിസിന്റെ വാള്‍ പോലെ ഉണ്ട്. അതുകൊണ്ട് ഒപിഎസ് പക്ഷത്തേയ്ക്ക് താല്‍ക്കാലികമായെങ്കിലും എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.

അവസാനത്തെ അടവെന്ന നിലയില്‍ ഡിഎംകെയുമായി സഖ്യം ചേരാമെന്ന് ഒപിഎസ്സ് തീരുമാനിച്ചാല്‍ 89 അംഗങ്ങളുള്ള ഡിഎംകെയും 8 അംഗങ്ങളുള്ള കോണ്‍ഗ്രസും ഒരംഗമുള്ള മുസ്ലീം ലീഗും ചേര്‍ന്നാലും 109 ആകുന്നുള്ളൂ. അപ്പോഴും ഔദ്യോഗികപക്ഷത്തുനിന്ന് 8 എംഎല്‍എമാരുടെ പിന്തുണ ഒപിഎസ്സിന് വേണം. അവിടെയും കൂറുമാറ്റനിരോധനനിയമം ഒപിഎസ്സിന് വിലങ്ങുതടിയാണ്. കണക്കുകള്‍ നോക്കിയാല്‍ ഇപ്പോള്‍ പഴനിസ്വാമിയുടെ പക്കല്‍ കാര്യങ്ങള്‍ ഭദ്രമാണ്. തല്‍ക്കാലം വിശ്വാസവോട്ടെന്ന കടമ്പ കടന്നാലും ദൂരഭാവിയില്‍ പാര്‍ട്ടിയിലും ഭരണത്തിലുമുള്ള വെല്ലുവിളികള്‍ എടപ്പാടി എങ്ങനെ നേരിടുമെന്നത് കണ്ടറിയണം.
 

click me!