ശബരിമല; ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ല: സുപ്രീംകോടതി

By Web TeamFirst Published Jan 3, 2019, 10:58 AM IST
Highlights

ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി  സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഭരണഘടനാ ബെഞ്ച് ഇടക്കിടയ്ക്ക് ചേരാനാകില്ലെന്ന് അറിയിച്ചത്. 

ദില്ലി: ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനസംഘടിപ്പിക്കാനും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചത്. തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി  സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഭരണഘടനാ ബെഞ്ച് ഇടക്കിടയ്ക്ക് ചേരാനാകില്ലെന്ന് അറിയിച്ചത്. 

മാത്രമല്ല ശബരിമല കേസ് ജനുവരി 22ന് കേസ് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നെന്നും അന്ന് ചേരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് മുമ്പ് ശബരിമലക്കേസ് കേൾക്കാനാകില്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളുകയായിരുന്നു. അഭിഭാഷകരായ പിവി ദിനേശ്, ഗീനാകുമാരി, എ വി വർഷ എന്നിവരാണ് തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യത്തെ കുറിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 

ശബരിമലയില്‍ യുവതികള്‍ പ്രതിഷേധിച്ചതിന് പിന്നാലെ തന്ത്രി ശുദ്ധിക്രിയ നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ഹര്‍ജിക്കാര്‍ ഇക്കാര്യം അറിയിച്ചത്. യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ അഭിപ്രായം. ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്നും ഹർജിക്കാർ പറഞ്ഞു. 

ഇന്നലെ പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് കനകദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ പ്രതിഷേധങ്ങളൊന്നും തന്നെ ഇവര്‍ മലകയറുമ്പോള്‍ ഉണ്ടായില്ല. നേരത്തേ മലചവിട്ടാനെത്തിയ ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു. 

ശബരിമല യുവതീ പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതോടെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ യുവതികള്‍ ശബരിമലയില്‍ കയറിയത് ആചാരലംക്ഷനമാണെന്നും അതിന് പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് നട അടച്ച് ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയകള്‍ക്ക് ശേഷമാണ് നടതുറന്ന് ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. 

click me!