പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് ബാധ; കൊവിഡ് ലാബിന്‍റെ പ്രവർത്തനം നിലച്ചു

By Web TeamFirst Published Jun 10, 2020, 12:58 PM IST
Highlights

പരിശോധന ലാബിന്‍റെ പ്രവർത്തനം നിലച്ചു. സാമ്പിളെടുത്ത പലരുടെയും ഫലം ഒരാഴചയായിട്ടും ലഭ്യമായിട്ടില്ല. പാലക്കാട് മെഡിക്കൽ കോളേജിൽ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാൽ പരിശോധന സാധ്യമല്ല.

പാലക്കാട്: പാലക്കാട്  ജില്ല ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, കൊവിഡ് പരിശോധന ലാബിന്റെ പ്രവർത്തനവും നിലച്ചു. സാമ്പിളെടുത്ത പലരുടെയും ഫലം ഒരാഴചയായിട്ടും ലഭ്യമായിട്ടില്ല. പാലക്കാട് മെഡിക്കൽ കോളേജിൽ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാൽ പരിശോധന സാധ്യമല്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതും ഉറവിടം കണ്ടെത്താനാവാത്ത രോഗികള്‍ കൂടി വരുന്നതും വലിയ ആശങ്ക  സൃഷ്ടിക്കുമ്പോഴാണ് , ജില്ലയിൽ  രോഗ പരിശോധനയ്ക്കുള്ള ഏക കേന്ദ്രവും അടച്ചത്. ട്രൂ നാറ്റ് റാപിഡ് ടെസ്റ്റ്‌ പരിശോധനാ കേന്ദ്രത്തിലെ സാങ്കേതിക പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റു ജീവനക്കാര്‍ എല്ലാം നിരീക്ഷണത്തിലായി.  പകരം സംവിധാനമോ, ജീവനക്കാരേയോ നിയോഗിച്ചിട്ടുമില്ല. എട്ടു മണിക്കൂർ കൊണ്ട് ശരാശരി  40 പേരുടെ പരിശോധന നടത്താനാവും എന്നതാണ് ട്രൂ നാറ്റ് ലാബിന്‍റെ പ്രത്യേകത.

കഴിഞ്ഞ മാസം 26നാണ് ആശുപത്രിയിൽ ലാബ് സംവിധാനം പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ കൊണ്ടുവന്നത്. നിലവിൽ ആർ ടി പിസിആർ രീതിയിൽ തൃശ്ശൂരിലെ ലാബിലയച്ചാണ് പരിശോധിക്കുന്നത്. 2000ത്തോളം ഫലം ഇനിയും പാലക്കാട് കിട്ടാനുണ്ട്. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം ജീവനക്കാർ വരുന്നമുറയ്ക്ക് ലാബ് പ്രവർത്തിച്ചു തുടങ്ങുമെന്നാണ് ഔദ്യോഗിക വിശദീകരണം. 

ട്രൂ നാറ്റ് ലാബില്‍ പരിശോധനയ്ക്ക് വന്ന സാമ്പിളുകളില്‍ എല്ലാം ഫലം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഫലം വരാനുള്ളത് തൃശ്ശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് എന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതികരണം.

അതേസമയം പാലക്കാട് മെഡി.കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക്  ആർ ടി പിസിആർ ലാബ് സജ്ജീകരിച്ചെങ്കിലും  ഐസിഎംആ‍ർ അനുമതി നൽകിയിട്ടുമില്ല. സാങ്കേതിക നടപടിക്രമങ്ങൾമാത്രമാണ് ഇനി പൂർത്തിയാകാനുളളതന്നും ഒരാഴ്ചക്കകം ലാബ് സജ്ജീകരിക്കുമെന്നും മെഡി.കോളേജ് അധികൃതർ അറിയിച്ചു. അതേസമയം  നിർണായക ഘട്ടങ്ങളിൽ ആരോഗ്യവകുപ്പ് പ്രശ്നപരിഹാരത്തിനുളള വഴി കണ്ടെത്തുന്നതിന് പകരം മറച്ചുവയ്ക്കാനാണ് ശ്രമം നടത്തുന്നതെന്ന് ആരോപണവുമുയരുന്നുണ്ട്.

click me!