കൊവിഡ് 19 : മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങി

By Web TeamFirst Published Mar 13, 2020, 8:17 AM IST
Highlights


മുഖ്യമന്ത്രിയുടെ പ്രമേയാവതരണത്തിനിടെ പി സി ജോര്‍ജ് എംഎല്‍എയാണ് ഷഫക് ഖാസിമിന്‍റെ വിഷയം സഭയില്‍ ഉന്നയിച്ചത്. ഭാര്യയെ നേരിട്ട് കാണാന്‍ പട്ടാമ്പി എംഎല്‍എയ്ക്ക് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് പറഞ്ഞായിരുന്നു പി സി ജോര്‍ജ് വിഷയമവതരിപ്പിച്ചത്. 


തിരുവനന്തപുരം :   പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍റെ ഭാര്യ ഷഫക് ഖാസിം കൊവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങി. ബുധനാഴ്ച മുതല്‍ ഇറ്റലിയില്‍ യാത്രാവിലക്ക് നിലവില്‍ വന്നത് തിരിച്ചു വരാനുള്ള സാധ്യത തടസപ്പെടുത്തി. കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സംസാരിക്കവേയാണ് മുഹമ്മദ് മുഹസിന്‍റെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങിയതും ചര്‍ച്ചയായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷഫക് ഖാസിം ഇറ്റലിയിലെ കാമറിനോ സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. 

മുഖ്യമന്ത്രിയുടെ പ്രമേയാവതരണത്തിനിടെ പി സി ജോര്‍ജ് എംഎല്‍എയാണ് ഷഫക് ഖാസിമിന്‍റെ വിഷയം സഭയില്‍ ഉന്നയിച്ചത്. ഭാര്യയെ നേരിട്ട് കാണാന്‍ പട്ടാമ്പി എംഎല്‍എയ്ക്ക് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് പറഞ്ഞായിരുന്നു പി സി ജോര്‍ജ് വിഷയമവതരിപ്പിച്ചത്. തുടര്‍ന്ന് ഏങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞാല്‍ എല്ലാ സൗകര്യവും ആരോഗ്യമന്ത്രി കെ കെ ശൈലജ വാഗ്ദാനം ചെയ്തു. ദില്ലി ജാമിയാ മില്യായില്‍ നിന്നും എം എഫില്‍ പഠനശേഷം 2018 ലാണ്  ഷഫക് ഖാസിം ഇറ്റലിയില്‍ ഗവേഷണത്തിനായി എത്തിയത്. 

ഷഫക് ഖാസിമിന് പെട്ടെന്ന് മടങ്ങിവരാന്‍ കഴിയില്ലെന്ന് എംഎല്‍എ മുഹമ്മദ് ഖാസിം പറഞ്ഞു. എയര്‍ ഇന്ത്യ, അലിറ്റാലിയ ഫൈറ്റുകള്‍ മാത്രമാണ് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. എന്നാല്‍, എയര്‍ ഇന്ത്യാ ഫൈറ്റുകള്‍ മിക്കതും റദ്ദാക്കി കഴിഞ്ഞു. മാത്രമല്ല, കൊവിഡ് 19 പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ ഇറ്റലിയില്‍ വിരളമാണ്. ഇതുകൊണ്ട് തന്നെ രോഗികളെ പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും സര്‍വ്വകലാശാല അടച്ചതും യാത്രാനിരോധം വന്നതും ഗവേഷകരടക്കമുള്ള വിദ്യാര്‍ത്ഥികളെ ഏറെ വലച്ചെന്നും ഒരുമാസത്തെക്കുള്ള ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ സംഭരിച്ചതായും മുഹമ്മദ് മുഹസിന്‍ എംഎല്‍എ പറഞ്ഞു. ഭാര്യയ്ക്ക് സ്കോളര്‍ഷിപ്പുള്ളത് കൊണ്ട് വലിയ പ്രശ്നമില്ലെന്നും സ്കോളര്‍ഷിപ്പ് ഇല്ലാത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പല ജോലികള്‍ ചെയ്ത് പഠിക്കുന്നവരാണ്. കടകള്‍ തുറക്കാതായതോടെ ഇവരുടെ അവസ്ഥ ഏറെ കഷ്ടത്തിലായെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!