എസ്ഐമാർക്കായി ഡിജിപിയുടെ പരീക്ഷ; വിജയിച്ചാൽ മാത്രം സ്ഥാനകയറ്റം

By Web TeamFirst Published Aug 12, 2018, 12:16 PM IST
Highlights

കാര്യപ്രാപ്തിയും നിയമപരിജ്ഞാനവും ഉറപ്പാക്കാനായി എസ്ഐമാർക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും. പരീക്ഷ പാസ്സായെങ്കിൽ മാത്രമേ സിഐ മാരായി സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ.

തിരുവനന്തപുരം: കാര്യപ്രാപ്തിയും നിയമപരിജ്ഞാനവും ഉറപ്പാക്കാനായി എസ്ഐമാർക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും. പരീക്ഷ പാസ്സായെങ്കിൽ മാത്രമേ സിഐ മാരായി സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. ഡിജിപിയുടെ പരിഷ്കാരത്തിനെതിരെ പൊലീസുകാർ രംഗത്തെത്തിയിട്ടുണ്ട്.

വരാപ്പുഴ സംഭവവും തീയറ്റര്‍ പീഡ‍നവും മുതൽ കെവിൻ വധക്കേസ് വരെ സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലെല്ലാം എസ്ഐമാരുടെ പ്രായോഗിക പരിജ്ഞാനക്കുറവ് ചര്‍ച്ചയായിരുന്നു. ഇതിന്റെ പിന്നാലെയാണ് നിയമവും കാര്യക്ഷമതയും പഠിപ്പിക്കാൻ ഡിജിപിയുടെ പുത്തൻ ഉത്തരവ്. സിഐമാരായി സ്ഥാനക്കയറ്റം കാത്തിരിക്കുന്ന 268 എസ്ഐമാർക്ക് പ്രത്യേക പരിശീലനവും പരീക്ഷയും നടത്താനാണ് തീരുമാനം. 

യോഗയും കായിക പരിശീലനവും കൂടാതെ നിയമം, ഫോറൻസിക്, സൈബർ വിഷയങ്ങളിലാണ് നാല് ദിവസത്തെ പരിശീലനം. അതിന് ശേഷമുള്ള പരീക്ഷ ജയിച്ചാൽ മാത്രമെ സിഐ ആയിട്ടുള്ള സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. ഈ മാസം അവസാനം പൊലീസ് അക്കാദമിയിലും ട്രെയിനിംഗ് കോളജിലുമായാണ് പരിശീലനം.

തോൽക്കുന്നവർ രണ്ടു മാസനത്തിനുള്ളിൽ പരീക്ഷ വീണ്ടുമെഴുതണം. ആനുകൂല്യങ്ങളെയും തുടർന്നുള്ള സ്ഥാനകയറ്റത്തെയും വരെ ബാധിക്കാനിടയുള്ള പുതിയ നിർദ്ദേശത്തിനെതിരെ പൊലീസ് ഓഫീസർമാർക്ക് കടുത്ത അതൃപ്തിയുണ്ട്.

click me!