പളനി സ്വാമിക്ക് സ്റ്റാലിന്റെ ഉപദേശം; എന്നെ നോക്കി ചിരിക്കരുത്

By Web DeskFirst Published Feb 17, 2017, 11:42 AM IST
Highlights

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ.പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ വക ഉപദേശം. നിയമസഭയിൽ വരുമ്പോൾ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ സ്റ്റാലിന്‍ ഉപദേശിച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിൽ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന "വിവാദ ചിരി' പരാമർശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം. ശശികലയുടെ റിമോട്ട് കണ്‍ട്രോളില്‍ ഭരണം തുടരുന്ന നേതാവാകരുതെന്നും പളനി സ്വാമിയോട് സ്റ്റാലിന്‍ പറഞ്ഞു.

അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീർശെൽവത്തെ നോക്കി സ്റ്റാലിൻ നിയമസഭയിൽ ചിരിച്ചതിന്റെ അർഥം ഇതായിരുന്നുവെന്നും ശശികല നേരത്തെ ആരോപിച്ചായിരുന്നു. ഈ പരാമർശത്തെ പരിഹസിച്ചാണ് മുഖ്യമന്ത്രിയോട് തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിൻ ഉപദേശിച്ചത്.

മനുഷ്യർ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. 30 അംഗ മന്ത്രിസഭയുമായി പളനി സ്വാമിയുടെ സർക്കാർ അധികാരമേറ്റത് ജനാധിപത്യവിരുദ്ധമായാണ്. അണ്ണാ ഡിഎംകെ എന്ന പാർട്ടിയെ പിടിച്ചെടുക്കുകയാണ് ശശികല ചെയ്തതതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

വ്യാഴാഴ്ചയാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ 31 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. ശശികലയുടെ ഏറ്റവും വിശ്വസ്തൻ എന്നറിയപ്പെടുന്ന ആളാണ് പളനി സ്വാമി. അതേസമയം നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ 89 എംഎല്‍എമാരുടെ ഡിഎംകെ സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

 

 

click me!