തീരദേശത്ത് താമസിക്കുന്ന കുട്ടികളില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ രൂക്ഷം

By Web DeskFirst Published Nov 22, 2016, 1:01 PM IST
Highlights

കോഴിക്കോട്ടെ വെള്ളയിലുള്ള സര്‍ക്കാര്‍ ഫിഷറീസ് സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ആകെ 6 കുട്ടികള്‍. രണ്ടാം ക്ലാസ്സില്‍ അഞ്ചുപേര്‍, മൂന്നാം ക്ലാസില്‍ നാലും നാലാം ക്ലാസില്‍ മൂന്നും കുട്ടികള്‍. അങ്ങനെ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളി‍ല്‍ ആകെ അമ്പത് കുട്ടികള്‍ മാത്രം. 

വെള്ളയില്‍ ഫിഷറീസ് സ്കൂളിലെ മാത്രം സ്ഥിതിയല്ല ഇത്, വെള്ളയില്‍ ഈസ്റ്റ് സര്‍ക്കാര്‍ എല്‍പി സ്കൂള്‍. ഒന്നാംക്ലാസില്‍ രണ്ട് കുട്ടികള്‍. രണ്ടാം ക്ലാസ്സില്‍ അഞ്ച്, മൂന്നില്‍ നാല്, നാലാംക്ലാസ്സില്‍ ഒരു കുട്ടി മാത്രം.  അങ്ങനെ ആകെ 12 കുട്ടികള്‍. തോപ്പയില്‍ എല്‍പി സ്കൂളിലും മാറാട് സ്കൂളിലും എന്നുവേണ്ട സംസ്ഥാനത്തെ തീരദേശങ്ങളിലെ മിക്ക സ്കൂളുകളിലെയും അവസ്ഥ ഇത് തന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലായി. തീരദേശത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ ഈ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ തയ്യാറാവുന്നില്ല..

കോഴിക്കോട് കോര്‍പ്പറേഷന്‍ തീരദേശ സ്കൂളുകളെക്കുറിച്ചൊരു പഠനം നടത്തിയപ്പോള്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ രൂക്ഷമാണെന്ന് കണ്ടെത്തി. ഇപ്പോള്‍ വിവിധ ഏജന്‍സികളുടെ പഠനം തുടരുകയാണ്. തീരദേശത്തെ കുട്ടികളുടെ പ്രത്യേക സവിശേഷത പരിഗണിക്കപ്പെടാതെയുള്ള വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നതാണ് കുട്ടികളുടെ പഠന നിലവാരം കുറയാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. 

തീരദേശത്തെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ തീരദേശ സ്കൂളുകളിലെ പഠന രീതി പൊളിച്ചെഴുതാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പത്താംക്ലാസ്സിന് ശേഷം ഉപരിപഠനത്തിന് പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് തീരദേശവാസികളായ കുട്ടികള്‍ എത്തുന്നതേയില്ല.അതിനിടയിലാണ് തീരദേശ സ്കൂളുകളില്‍ കുട്ടികളുടെ കുറവും.

click me!