പൊലീസിനെ വിശ്വസിച്ചത് എന്‍റെ വലിയ പിഴ; ചാരക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി ലേഖകന്‍ പറയുന്നു

Published : Sep 15, 2018, 05:13 PM ISTUpdated : Sep 19, 2018, 09:26 AM IST
പൊലീസിനെ വിശ്വസിച്ചത് എന്‍റെ വലിയ പിഴ; ചാരക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി ലേഖകന്‍ പറയുന്നു

Synopsis

1994 നവംബര്‍ 18ന് രാവിലെ ചാരപ്രവര്‍ത്തനം നടത്തിയ മാലി സ്വദേശിനിയായി യുവതിയെ അറസ്റ്റ് ചെയ്തുവെന്നുള്ള അജ്ഞാത ഫോണ്‍ കോള്‍ ബ്യൂറോയിലേക്ക് വന്നത് മുതലുള്ള വിവരണമാണ് ചന്ദ്രമോഹന്‍ നല്‍കുന്നത്

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പൊലീസിനെ വിശ്വസിച്ചത് തന്‍റെ ഏറ്റവും വലിയ പിഴയാണെന്ന് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി ലേഖകനായിരുന്ന എസ്. ചന്ദ്രമോഹന്‍.

നമ്പി നാരായണന്‍റെ അറസ്റ്റ് മുതല്‍ സ്റ്റേഷനില്‍ വരെ നടന്ന കാര്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയാണ് അന്നത്തെ ദേശാഭിമാനി ലേഖകന്‍ രംഗത്ത് വന്നിരിക്കുന്നത്. 1994 നവംബര്‍ 18ന് രാവിലെ ചാരപ്രവര്‍ത്തനം നടത്തിയ മാലി സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തുവെന്നുള്ള അജ്ഞാത ഫോണ്‍ കോള്‍ ബ്യൂറോയിലേക്ക് വന്നത് മുതലുള്ള വിവരണമാണ് ചന്ദ്രമോഹന്‍ നല്‍കുന്നത്.

പിന്നീട് ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ പൊലീസ് കമ്മീഷണിന്‍റെ ഓഫീസിലെ സുഹൃത്താണാത്രേ ആള്‍ അവിടെയുണ്ടെന്ന് അറിയിച്ചത്. ഫോട്ടോഗ്രാഫര്‍ രാജേന്ദ്രനുമായി സാഹസികമായി പടമെടുത്ത ശേഷം സിഐ വിജയനെ കണ്ടു.

ഹോട്ടല്‍ സാമ്രാട്ടില്‍ നടന്ന സാധാരണ പരിശോധനകള്‍ക്കിടയില്‍ മറിയം റഷീദ എന്ന യുവതിയെ കസ്റ്റഡ‍ിയിലെടുത്തുവെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം. ഇവര്‍ക്ക് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായി ഫോണില്‍ ബന്ധമുണ്ടെന്നും ചാരപ്രവര്‍ത്തി നടത്തിയതായി സംശയിക്കുന്നതായും സിഐ പറഞ്ഞു.

വാര്‍ത്ത അന്ന് ദേശാഭിമാനിയിലെ ശ്രീകണ്ഠന് കെെമാറി. തുടര്‍ന്ന് പിറ്റേന്ന് പത്രത്തില്‍ ചിത്രം സഹിതം വാര്‍ത്ത ഒന്നാം പേജില്‍ അച്ചടിച്ച് വരികയായിരുന്നു. പിറ്റേന്ന് മുതലാണ് നുണപ്രവാഹം തുടങ്ങിയതെന്നും ചന്ദ്രമോഹന്‍ കുറിപ്പില്‍ വ്യക്തമാക്കി.

പൊലീസ് നല്‍കിയ വാര്‍ത്ത അതേപോലെ കൊടുത്തതാണെന്നും അത് പിഴയായി പോയെന്നും ചന്ദ്രമോഹന്‍ പറയുന്നു. അന്ന് ദേശാഭിമാനി ലേഖകനായിരുന്നു ചന്ദ്രമോഹന്‍ ഇപ്പോള്‍ പത്രം വാരികയില്‍ മാനേജിംഗ് എഡിറ്ററാണ്.

(ചിത്രത്തിന് കടപ്പാട്: ടെെംസ് ഓഫ് ഇന്ത്യ)

പോസ്റ്റ് വായിക്കാം...

ചാരക്കഥയും മാധ്യമങ്ങളും
കുരുടന്‍ ആനയെ കാണുംപോലെ.
എസ്. ചന്ദ്രമോഹന്‍ 
ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെക്കുറിച്ച് എഴുതുന്ന 
സുഹൃത്തക്കളോട്.... 
ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാഞ്ഞിട്ടും 
വിധിയെഴുത്തുകള്‍ക്ക് പഞ്ഞമില്ല.
സംഭവിച്ചതിനെ അടുത്തുനിന്ന് കണ്ടയാള്‍ എന്ന നിലയില്‍ 
ചില കാര്യങ്ങള്‍ പറയാം.
1994 നവംബര്‍ 18-ന് രാവിലെ 11 മണിക്ക് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലേക്ക് ഒരജ്ഞാതന്റെ ഫോണ്‍ വന്നു. റിപ്പോര്‍ട്ടര്‍ ശ്രീകണ്ഠനാണ് ഫോണ്‍ എടുത്തത്. വലിയമലയില്‍ ISRO കേന്ദ്രത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് മാലിക്കാരി വനിതയെ പൊലീസ് അറസ്റ്റുചെയ്തു എന്നാണ് സന്ദേശം. കൂടുതല്‍ ചോദിക്കുംമുമ്പ് ഫോണ്‍ കട്ടായി.
ഞാനും ശ്രീകണ്ഠനും അന്ന് ദേശാഭിമാനിയിലെ മാധ്യമക്കുരുന്നുകള്‍. പണിതുടങ്ങിയ കാലം എന്നര്‍ത്ഥം. ഇന്നത്തെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന മാധ്യമഭീകരനായി മുറ്റിയിട്ടില്ല. 
ബ്യൂറൊയിലെ മറ്റ് ഭീകരന്‍മാരുമായി ആലോചിച്ചു. എനിക്ക് പൊലീസ് വാര്‍ത്തകള്‍ നോക്കുന്ന ജോലിയായതിനാല്‍ ഞാനും ശ്രീകണ്ഠനെ സഹായിക്കാന്‍ നിയോഗിതനായി.
ജില്ലയിലെ ഏതാണ്ട് എല്ലാ പൊലീസ് സ്റ്റേഷനിലും അന്വേഷിച്ചു. ഇങ്ങനെയൊരു അറസ്റ്റിനെപ്പറ്റി ആര്‍ക്കും വിവരമില്ല. ഉച്ചകഴിഞ്ഞതോടെ വഴിമുട്ടിയെന്ന് ബോധ്യപ്പെട്ടു.
ഇതിനിടയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ എന്റെ സുഹൃത്ത് സുരേഷിനെ വിളിച്ചു. ഏതു വിധേനയും വിവരം അറിഞ്ഞുതരണമെന്നഭ്യര്‍ത്ഥിച്ചു. മൂന്നുമണിയോടടുപ്പിച്ച് സുരേഷിന്റെ ഫോണ്‍ വന്നു. ''കമ്മീഷണര്‍ ഓഫീസിലേക്കുവാ; ആള്‍ ഇവിടെയുണ്ട്.''
സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്റെ ഓഫീസിനു മുന്നില്‍ ഗൗണ്‍പോലെ വേഷം ധരിച്ച് യുവതി നില്‍പ്പുണ്ടെന്ന് സുരേഷ് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ രാജേന്ദ്രനുമായി അങ്ങോട്ടു പാഞ്ഞു.
(കഥയെഴുതാനുള്ള വ്യഗ്രതയല്ല. പെയ്‌സ് ന്യൂസ് ദാഹവുമല്ല. അന്നൊക്കെ അങ്ങനെയാണ്. വാര്‍ത്തയാണ് ജീവിതലക്ഷ്യമെന്ന അബദ്ധധാരണയില്‍ അഭിരമിച്ച കാലം).
ഫോട്ടോഗ്രാഫര്‍ രാജേന്ദ്രന്‍ ചേട്ടനെ പൊലീസുകാര്‍ പാമ്പിനെപ്പോലെയാണ് കാണുന്നത്. ഏതു സംഘര്‍ഷത്തിലും അദ്ദേഹത്തെ തെരഞ്ഞുപിടിച്ചു തല്ലും. അതുകൊണ്ടുതന്നെ ഞങ്ങള്‍ സങ്കല്‍പ്പത്തിലെ സാഹസികദൗത്യക്കാരായി (ഏതാണ്ട് വിജയനും ദാസനുംപോലെ).
ഞാന്‍ ബൈക്ക് ഓടിച്ചുകയറ്റി CI വിജയന്റെ ഓഫീസിനുമുന്നില്‍ നിര്‍ത്തും. സെക്കന്റുകള്‍ക്കകം പടമെടുത്തു മുങ്ങണം. ഇതാണ് പ്ലാന്‍.
അതേപോലെ നടന്നു. തിരികെ രാജേന്ദ്രന്‍ ചേട്ടനെ ഓഫീസിലാക്കി തിരികെ ഒന്നുമറിയാത്തതുപോലെ സി.ഐ വിജയന്റെ മുന്നില്‍. ഹോട്ടല്‍ സാമ്രാട്ടില്‍ താമസിച്ച മറിയം റഷീദയെന്ന യുവതിയെ സാദാ പരിശോധനയ്ക്കിടയില്‍ കണ്ടെത്തിയെന്നും, ഇവര്‍ക്ക് ISRO ശാസ്ത്രജ്ഞരുമായി ഫോണ്‍ ബന്ധമുണ്ടെന്നും, ചാരപ്രവര്‍ത്തനം നടന്നതായ സംശയം തോന്നി അറസ്റ്റു ചെയ്‌തെന്നും വിജയന്‍ പറഞ്ഞു.
ഈ വിവരങ്ങള്‍ ശ്രീകണ്ഠന് കൈമാറി. ശ്രീകണ്ഠന്‍ വാര്‍ത്ത തയ്യാറാക്കി. പിറ്റേന്ന് ഒന്നാം പേജില്‍ ഫോട്ടോ അടക്കം വാര്‍ത്ത. തലേന്ന് തനിനിറം പത്രത്തിലെ ജയചന്ദ്രനു CI വിജയന്‍ ഈ വാര്‍ത്ത നല്‍കിയിരുന്നു.
തനിനിറത്തില്‍ തലേന്ന് വൈകിട്ട് വാര്‍ത്ത വന്നു. എന്നാല്‍ ഫോട്ടോ അടക്കം ഒന്നാം പേജില്‍ വന്ന ദേശാഭിമാനി വാര്‍ത്തയാണ് മാധ്യമലോകത്ത് സ്‌ഫോടനമായത്.
പിറ്റേന്നു മുതല്‍ സകല മാധ്യമങ്ങളിലെയും ചീഫുമാരാണ് ഈ വാര്‍ത്തകള്‍ കൈകാര്യം ചെയ്തത്. ഓരോ ദിവസവും നുണപ്രവാഹം. ഞാനും ശ്രീകണ്ഠനുമൊക്കെ സൈഡില്‍ വായുംപൊളിച്ചു നിന്ന് കാഴ്ചക്കാരായി.
അതിനാല്‍ ആധുനിക മാധ്യമനിരൂപകരേ;
ആദ്യം വാര്‍ത്ത നല്‍കിയ മാധ്യമഭീകരക്കുരുന്നുകള്‍ കുറ്റക്കാരല്ല. പൊലീസ് തന്ന വാര്‍ത്ത അതേപടി എഴുതി.
പോലീസ് നല്‍കുന്ന വാര്‍ത്തകള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും, താന്‍ കാര്യത്തിനായി എന്ത് അധമവാര്‍ത്തകളും സൃഷ്ടിക്കുന്നവരാണ് അവരെന്നുമൊക്കെ തിരിച്ചറിയാല്‍ ഏറെ വര്‍ഷമെടുത്തു എന്നത്, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും