ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 14 ലക്ഷം കുട്ടികള്‍ പട്ടിണിമരണത്തിന്റെ ഭീഷണിയിലെന്ന് യൂണിസെഫ്

By Web DeskFirst Published Feb 22, 2017, 2:11 AM IST
Highlights

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 14 ലക്ഷം കുട്ടികള്‍ പട്ടിണിമരണത്തിന്റെ ഭീഷണിയിലെന്ന് യൂണിസെഫ്. യുദ്ധവും സംഘര്‍ഷവും ആണ് കാരണമെന്നും യുണിസെഫ് വ്യക്തമാക്കുന്നു.

തെക്കന്‍ സുഡാന്‍, സൊമാലിയ, നൈജീരിയ, യെമന്‍, എന്നീ രാജ്യങ്ങളിലാണ് പ്രശ്നം രൂക്ഷം. തെക്കന്‍ സുഡാന്‍ ക്ഷാമബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു.  10 ലക്ഷം പേരാണ് ദുരിതബാധിത മേഖലയിലുള്ളത്. ഭീകര സംഘടനയായ ബോക്കോ ഹറം പിടിമുറുക്കിയ പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് വിളവെടുക്കാനും കഴിയുന്നില്ല. സന്നദ്ധസംഘടനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളാണ് പലതും. അയല്‍രാജ്യങ്ങളായ കാമറൂണ്‍, ഛാദ് എന്നിവിടങ്ങളിലും പ്രശ്നം രൂക്ഷമാണ്. യെമനില്‍ ഈ വര്‍ഷം ക്ഷാമമുണ്ടാകും എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് യുഎന്‍. 10 മിനിറ്റില്‍ ഒരു കുഞ്ഞ് വീതം മരിക്കുന്നു യെമനില്‍. 22 ലക്ഷം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവിന്റെ പിടിയിലാണ്. ദാരിദ്ര്യവും, ഉപരോധവും, യുദ്ധവും ബാധിച്ചിരിക്കുന്നത് ഭക്ഷ്യസുരക്ഷയെയാണ്. സൊമാലിയയില്‍ 50,000 കുട്ടികളെങ്കിലും പട്ടിണിമരണത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ബാധിക്കാനിടയുള്ള ക്ഷാമം 2011ലേതിനെക്കാള്‍ രൂക്ഷമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. 2,60000 പേരാണ് 2011ലെ ക്ഷാമത്തില്‍ മരിച്ചത്. തെക്കന്‍ സുഡാനെ മാത്രമാണ് ഇപ്പോള്‍ ക്ഷാമബാധിതമായി പ്രഖ്യാപിച്ചതെങ്കിലും അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മറ്റു രാജ്യങ്ങലെയും ദുരന്തം പിടികൂടും എന്നാണ് ഐക്യരാഷ്‌ട്രസംഘടന നല്‍കുന്ന മുന്നറിയിപ്പ്.

click me!