ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ അന്തരിച്ചു

By Web DeskFirst Published May 14, 2018, 11:51 AM IST
Highlights
  • ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ അന്തരിച്ചു
  • ഒൻപത് തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടുണ്ട്

ടെക്സസ്: ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ അന്തരിച്ചു. എണ്‍പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്സസിൽ വച്ചായിരുന്നു അന്ത്യം. ഒൻപത് തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ആൽബർട്ട് ഐൻസ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയാണ് ഡോ.ജോർജ് സുദർശനനൻ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്. 

പ്രകാശത്തേക്കൾ വേഗത്തിൽ സഞ്ചരിക്കാൻ പ്രപഞ്ചത്തിൽ ഒന്നിനും കഴിയില്ലെന്നാണ് ഐൻസ്റ്റൈന്റെ സിദ്ധാന്തം. എന്നാൽ പ്രകാശവേഗത്തെ അധികരിക്കാൻ കഴിയുന്ന കണങ്ങളുടെ നിലനിൽപ്പ് പ്രവചിച്ച ശാസ്ത്രജ്ഞനാണ് എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇസിജി സുദർശൻ. ടാക്കിയോണുകളെന്നാണ് ഈ കണങ്ങൾക്ക് ശാസ്ത്രലോകം നൽകിയ പേര്.

ക്വാണ്ടം ഒപ്റ്റിക്സിലെ വിശാലമേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങളിൽ അധികവും. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ ക്വാണ്ടം സീനോ ഇഫക്ട് എന്ന കണ്ടെത്തലിന് 2005 ൽ നൊബേൽ പുരസ്ക്കാരത്തിന്റെ വക്കോളമെത്തി സുദർശൻ ശാസ്ത്രലോകം മുഴുവൻ സുദർശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വർഷം മൂന്നിൽ കൂടുതൽ പേരെ പരിഗണിക്കില്ലെന്ന ന്യായത്തിൽ സ്വീഡിഷ് അക്കാദമി മുഖം തിരിച്ചു.

1931 ൽ കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്.  കോട്ടയം സിഎംഎസ് കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതപഠനം. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ 1952 മുതൽ ’55 വരെ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചു. 1957 ൽ ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റായ അദ്ദേഹം 1958 ൽ അവിടെനിന്നു തന്നെ പിഎച്ച്ഡി  നേടി. 59 ൽ  ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് മാത്തമാറ്റിക്സ് സയൻസിലും പ്രവർത്തിച്ചിരുന്നു. ഭൗതികശാസ്ത്ര സമസ്യകളും  ഇന്ത്യൻ വേദാന്തവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ ആയിരുന്നു.   ഈ കാലഘട്ടത്തിന് രാജ്യം നൽകിയ ഏറ്റവും വലിയ ഭൗതികശാസ്ത്ര പ്രതിഭയാണ് ഓർമ്മയായയത്.

click me!