പത്മ പുരസ്കാരം നേടിയ ലക്ഷ്മിക്കുട്ടി അമ്മയെ കുറിച്ച് അറിയാം

By Web deskFirst Published Jan 25, 2018, 9:44 PM IST
Highlights

പൊന്മുടി, കല്ലാര്‍ മൊട്ടന്‍മൂട് കോളനിയിലെ ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിരിക്കുകയാണ്. നാട്ടുവൈദ്യ ചികിത്സയില്‍ വിദേശ രാജ്യങ്ങളില്‍പോലും പ്രസിദ്ധയാണ് ഈ 73 കാരി. എന്തേ പത്മ പുരസ്കാരം ലഭിക്കാന്‍ ഇത്ര വൈകി എന്ന് മാത്രമേ ലക്ഷ്മിക്കുട്ടി അമ്മയുടെ നാട്ടുവൈദ്യത്തെ കുറിച്ച് അറിയുന്നവര്‍ അതിന്‍റെ ഗുണമറിഞ്ഞവര്‍ ചിന്തിക്കൂ. ഉഗ്രവിഷമുള്ള പാമ്പിന്‍റെ കടിയേറ്റാലും ചികിത്സിക്കാനുള്ള വൈദ്യം ലക്ഷ്മിക്കുട്ടി അമ്മയുടെ കയ്യിലുണ്ട്. വിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട് ഈ മുത്തശ്ശി. 

500 ഓളം മരുന്നിന്‍റെ കുറിപ്പടികളും കാണാപ്പാടമാണ്. വേണ്ട മരുന്നുകകള്‍ക്കുള്ള ഔഷധ സസ്യങ്ങളെല്ലാം കയ്യെത്തും ദൂരത്ത്, വീട്ടുമുറ്റത്തുതന്നെ നട്ടുവളര്‍ത്തുന്നുമുണ്ട്. ഓരോ ഔഷധച്ചെടിയും എന്തിന് വേണ്ടി, എങ്ങനെ ഉപയോഗിക്കണമെന്നെല്ലാം ലക്ഷ്മ്മിക്കുട്ടി അമ്മ പറഞ്ഞ് തരും. നമുക്ക് അറിയുന്നത് എല്ലാവര്‍ക്കും എവിടെ വേണേലും പറഞ്ഞ് കൊടുക്കും. അതെല്ലാം ശരിയാണെന്നാണ് അവര്‍ പറയുന്നതെന്നും ഇതിനെക്കുറിച്ച് ചോദിച്ചാല്‍ ഈ വൈദ്യരത്നം പറയും. 

വിഷചികിത്സയിലെ ഈ പ്രാഗത്ഭ്യത്തിന് 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്നം പുരസ്കാരം നല്‍കി ആദരിച്ചിട്ടുമുണ്ട്.  സ്വദേശികള്‍ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേരാണ് ലക്ഷ്മിക്കുട്ടിയുടെ നാട്ടാറിവ് പഠിക്കാന്‍ മൊട്ടന്മൂട് കോളനിയിലേക്ക് എത്തുന്നത്. കഥയും കവിതയുമെല്ലാം ഇഷ്ടപ്പെടുന്ന ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴങ്ങും. ഫോക്‍ലോര്‍ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് ഈ എട്ടാം ക്ലാസുകാരി. 

click me!