എടിഎം കവർച്ചക്കേസിൽ ഇടനിലക്കാരനായി വന്നയാൾ അഭിഭാഷകരെ ആക്രമിച്ചു; വഞ്ചിയൂർ കോടതിയിൽ സംഘർഷം

By Web TeamFirst Published Jan 19, 2019, 3:37 PM IST
Highlights

ഹൈടെക്ക് എടിഎം കവർച്ചക്കേസിലെ പ്രതികളായ റുമേനിയക്കാർക്ക് വേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരൻ അഭിഭാഷകരെ ആക്രമിച്ചു.അഭിഭാഷകരെ ആക്രമിച്ച മണക്കാട് സ്വദേശി അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: ഹൈടെക്ക് എടിഎം കവർച്ചക്കേസിലെ പ്രതികളായ റുമേനിയക്കാർക്ക് വേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരൻ അഭിഭാഷകരെ ആക്രമിച്ചു. അഭിഭാഷകർ തിരിച്ചും ആക്രമിച്ചതോടെ കോടതിയിൽ സംഘർഷമായി. 

ഉച്ചയോടെ തിരുവനന്തപുരം എസിജെഎം കോടതിക്ക് മുന്നിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ അഭിജിത്താണ് അഭിഭാഷകരെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ജാമ്യവ്യവസ്ഥകൾ സംബന്ധിച്ചാണ് ഇയാളും അഭിഭാഷകരുമായി തർക്കമുണ്ടായതെന്നാണ് കരുതുന്നത്. ഒന്നും രണ്ടും പറഞ്ഞുള്ള വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു. 

ഇപ്പോൾ അറസ്റ്റിലായ അഭിജിത്ത് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് റുമാനിയൻ സ്വദേശിയുമായി പരിചയം സ്ഥാപിച്ചിരുന്നു.  ജയിൽ മോചിതനാകാൻ സഹായിക്കാമെന്ന് അന്ന് അഭിജിത്ത് ഇയാൾക്ക് വാഗ്ദാനം നൽകിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജാമ്യക്കാരുമായി അഭിജിത്ത് കോടതിയിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.

കേരളത്തിൽ എറെ ശ്രദ്ധയാകർഷിച്ച ഹൈടെക് എടിഎം കവർച്ചാ കേസിന്‍റെ വിചാരണ വ‌ഞ്ചിയൂർ കോടതിയിൽ നടന്നു വരികയായിരുന്നു. കേസിലെ ആറാം പ്രതിയായ റുമാനിയൻ പൗരന് നേരത്തെ കോടതി ജാമ്യമനുവദിച്ചിരുന്നെങ്കിലും ജാമ്യവ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ഇയാൾക്ക് ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. 

click me!