ബിഷപ്പിനെതിരായ കുരുക്ക് മുറുകുന്നു; നിലപാടിലുറച്ച് കന്യാസ്ത്രീകളും കുടുംബവും

By Web TeamFirst Published Jul 29, 2018, 1:30 PM IST
Highlights

കന്യാസ്ത്രീയെ സ്വാധിനിക്കാൻ സിഎംഐ വൈദികൻ നടത്തിയ ഇടപെടലുകൾ കൂടി പുറത്തുവന്നതോടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുരുക്ക് മുറുകുന്നു. കേരളത്തിലെ അന്വേഷണം പൂർത്തിയായെന്നും ഈയാഴ്ചതന്നെ ജലന്ധറിൽ പോകുമെന്നും പൊലീസ് വ്യക്തമാക്കി.


കൊച്ചി: കന്യാസ്ത്രീയെ സ്വാധിനിക്കാൻ സിഎംഐ വൈദികൻ നടത്തിയ ഇടപെടലുകൾ കൂടി പുറത്തുവന്നതോടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുരുക്ക് മുറുകുന്നു. കേരളത്തിലെ അന്വേഷണം പൂർത്തിയായെന്നും ഈയാഴ്ചതന്നെ ജലന്ധറിൽ പോകുമെന്നും പൊലീസ് വ്യക്തമാക്കി. ബലാൽസംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയേയും കൂട്ടരേയും അനുനയിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിഷപ് അനുകൂലികൾ. 

പ്രത്യേകിച്ചും അന്വേഷണത്തിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിൽ. ആദ്യത്തെ കോളിളക്കം കെട്ടടങ്ങുമ്പോൾ കന്യാസ്ത്രീയും കൂട്ടരും പരാതി പിൻവലിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ അത് നടക്കില്ലെന്ന് ബാധ്യപ്പെട്ടതോടെയാണ് ഭൂമിയും പണവുമടക്കം വാഗ്ദാനങ്ങളുമായി ബിഷപ് അനുകൂലികളായ വൈദികർ അടക്കം കളത്തിലിറങ്ങിയത്. എന്നാൽ ഇത്തരം വാഗ്ദാനങ്ങളിൽ വീണുപോകില്ലെന്നും നിയമ പോരാട്ടം തുടരുമെന്നുമാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകളുടെയും കുടുംബങ്ങളുടെയും നിലപാട്. 

കേസ് അട്ടിമറിക്കാൻ വൈദികൻ നടത്തിയ നീക്കം അടക്കമുളളവ പൊലീസ് പരിശോധിക്കുന്നുണ്ട്. ബിഷപ്പിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന ഓഡിയോ സംഭാഷണം കൈമാറുമെന്ന് സിസ്റ്റർ അനുപമയുടെ കുടുംബവും അറിയിച്ചു. കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയായെന്നും ബിഷപ് അടക്കമുളളവരെ ചോദ്യം ചെയ്യാൻ അടുത്തയാഴ്ച ജലന്ധറിലേക്ക് പോകാനുമാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം

വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലയ്ക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും സിഐഎം വൈദികനായ ഫാദർ ജയിംസ് ഏർത്തയില്‍ അറിയിച്ചു. സിഎംഐ സഭയിലെ മുൻ പ്രൊവിൻഷ്യലും രാഷ്ട്രദീപികയുടെ മുൻ ചെയർമാനുമാണ് ഫാദര്‍ ജയിംസ് എര്‍ത്തയിൽ.

click me!