'ഞാനൊരു ടെക്‌നോക്രാറ്റ് മാത്രം, പ്രത്യയശാസ്‌ത്ര ലേബലുകളില്‍ താല്‍പര്യമില്ല': പ്രൊഫ. ഗീതാ ഗോപിനാഥ്

Published : Oct 04, 2016, 03:27 PM ISTUpdated : Dec 28, 2018, 04:38 PM IST
'ഞാനൊരു ടെക്‌നോക്രാറ്റ് മാത്രം, പ്രത്യയശാസ്‌ത്ര ലേബലുകളില്‍ താല്‍പര്യമില്ല': പ്രൊഫ. ഗീതാ ഗോപിനാഥ്

Synopsis

ലോകത്തെ ആറാമത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയാണ് ഹര്‍വാഡ്. അവിടുത്തെ സാമ്പത്തികശാസ്‌ത്ര വകുപ്പ് അതിലും വിഖ്യാതമാണ്. അഞ്ചു നൂറ്റാണ്ടുനീണ്ട ഹര്‍വാഡ് സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ മൂന്നു സ്‌ത്രീകള്‍ മാത്രമാണ് സാമ്പത്തികശാസ്‌ത്ര വകുപ്പില്‍ പൂര്‍ണസമയ പ്രൊഫസറായി ഇരുന്നിട്ടുള്ളത്. അവരില്‍ ഒരാള്‍ ഇപ്പോള്‍ മലയാളിയാണെന്നത് കേരളത്തിനാകെ അഭിമാനകരമായ കാര്യമാണ്. അവരാണ് പ്രൊഫസര്‍ ഗീതാ ഗോപിനാഥ്. സമീപകാലത്ത് ഒരു വിവാദത്തിന്റെ കഥാനായികയായിരുന്നു പ്രൊഫ. ഗീതാ ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിതെളിച്ചിരുന്നു. പ്രൊഫ. ഗീതാ ഗോപിനാഥ് വലതുപക്ഷ സാമ്പത്തിക ശാസ്‌ത്രത്തില്‍ വിശ്വസിക്കുന്ന ആളാണെന്നുമൊക്കെയുള്ള വലിയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷം പ്രൊഫ. ഗീതാ ഗോപിനാഥ് ആദ്യമായി കേരളത്തില്‍ എത്തിയിരിക്കുകയാണ്. വിവാദങ്ങള്‍ സംബന്ധിച്ചു കൃത്യമായ ഉത്തരം ഗീതാ ഗോപിനാഥ് തന്നെ പറയുന്നു.

സാമ്പത്തിക ഉപദേഷ്‌ടാവായുള്ള താങ്കളുടെ നിയമനം വിവാദമായിരുന്നു. വ്യത്യസ്‌തമായ പ്രത്യയശാസ്‌ത്രത്തിന്റെ പേരിലായിരുന്നു ആ വിവാദം.
വലതുപക്ഷ നവലിബറല്‍ ആശയങ്ങളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു താങ്കളെ വിശേഷിപ്പിച്ചത്. പിണറായി വിജയനാണെങ്കില്‍ കമ്മ്യൂണിസ്റ്റ്. ആ വൈരുദ്ധ്യത്തെ എങ്ങനെ കാണുന്നു?

ഈ വിവാദം എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ എന്നെ ഒരു ടെക്‌നോക്രാറ്റായാണ് കാണുന്നത്. പ്രത്യയശാസ്‌ത്രപരമായ പേരുചാര്‍ത്തലുകളോട് എനിക്ക് യാതൊരു താല്‍പര്യവുമില്ല. നിയോ ലിബറല്‍ എന്നത് നിങ്ങള്‍ക്ക് ഇഷ്‌ടമില്ലാത്തവരെ വിളിക്കാനുള്ള ശകാരപദമാണെന്ന് മാത്രമെ ഞാന്‍ കരുതുന്നുള്ളു. സാമ്പത്തികതലത്തിലാണ് ഞാന്‍ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. ദരിദ്രവിഭാഗങ്ങളുടെ ഉന്നമനവും സാമൂഹികക്ഷേമവുമൊക്കെയാണ് പരിഗണിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാനുള്ള വഴികളില്‍ എനിക്ക് എന്റേതായ കാഴ്‌ചപ്പാടുണ്ട്. ഇടതുപക്ഷ-സാമ്പത്തിക കാര്യത്തില്‍ വലതുപക്ഷ വ്യത്യാസമില്ലെന്ന കാഴ്‌ചപ്പാട്. തീവ്ര ഇടത്-വലത് സാമ്പത്തികശാസ്‌ത്രമെന്നത് പഴയ പല്ലവിയാണ്.

താങ്കള്‍ വളരെ അംഗീകരിക്കപ്പെടുന്ന സാമ്പത്തികവിദഗ്ദ്ധയാണ്. എന്താണ് താങ്കള്‍ക്ക് കേരളവുമായുള്ള ബന്ധം? അതറിയാന്‍ താല്‍പര്യമുണ്ട്.

കണ്ണൂരിലാണ് എന്റെ കുടുംബപശ്ചാത്തലം. പക്ഷേ കേരളത്തിലല്ല ജനിച്ചുവളര്‍ന്നത്. അവധിക്കാലത്ത് മാത്രമേ കേരളത്തില്‍ വന്നിട്ടുള്ളു. പക്ഷേ കേരളവുമായുള്ള ബന്ധം എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. ഇന്ത്യയില്‍ ജനിച്ച ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഏതു കുടുംബത്തിലാണ് ജനിച്ചതെന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എന്റെ അച്ഛനമ്മമാര്‍ എനിക്ക് നല്ല വിദ്യാഭ്യാസം തരാന്‍ വഴിയൊരുക്കി.

മുഖ്യമന്ത്രി താങ്കളെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കാനുള്ള കാരണമെന്താണ്? അത് താങ്കളെ അത്ഭുതപ്പെടുത്തിയോ?

ആ ചോദ്യം മുഖ്യമന്ത്രിയോട് തന്നെ ചോദിക്കുന്നതല്ലേ നല്ലത്?

ലോകത്തിലെ വിദഗ്ദ്ധരായ നേതാക്കളുമായി കേരളത്തെ ബന്ധപ്പെടുത്തുമെന്നാണ് താങ്കള്‍ പറഞ്ഞത്. എന്താണ് അതുമായി ബന്ധപ്പെട്ട പദ്ധതികള്‍? ഉദാഹരണത്തിന് ആരോഗ്യപരിപാലന കാര്യം. വിദഗ്ദ്ധരെ അതുമായി സഹകരിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ടതാണ്. അത് നല്ല കാര്യങ്ങള്‍ക്ക് വഴിയൊരുക്കും. ഇത്തരം വിദഗ്ദ്ധരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശമുണ്ടോ?

വെറുതെയുള്ള ചര്‍ച്ചകളും വിദഗ്ദ്ധരുടെ യോഗങ്ങളുമല്ല വേണ്ടത്. അതുകൊണ്ട് വലിയ കാര്യമില്ല. പ്രായോഗികമായ സമീപനത്തിലേക്ക് എങ്ങനെ എത്താം എന്നതാണ് പ്രധാനം.

എന്താണ് അടുത്ത പദ്ധതി?

ഇവിടെ വരുന്നതിന് മുമ്പ് അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. ചില വകുപ്പുകളുമായി ചര്‍ച്ച നടത്തി. ഏതേത് കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യങ്ങളെ കുറിച്ച് പഠിച്ചു. അതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്.

അരോഗ്യമേഖലയായിരിക്കും അതില്‍ പ്രധാനം?

അതെ.

കേരള മോഡല്‍ ആഗോളതലത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. കേരളം എങ്ങനെ മുന്നോട്ടുപോകണമെന്നാണ് താങ്കളുടെ കാഴ്‌ചപ്പാട്?

കേരളത്തിന് സ്വന്തമായ വികസനമാതൃകയുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. തൊഴിലില്ലായ്‌മ പോലെയുള്ള കാര്യങ്ങളില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഈ കാര്യങ്ങള്‍ വ്യക്തമായ കാഴ്‌ചപ്പാടോടെ സമീപിക്കേണ്ടതുണ്ട്. കേരളം ഇതര സംസ്ഥാനങ്ങളില്‍നിന്ന് വളരെ വ്യത്യസ്‌തമാണ്. ആരോഗ്യ പരിപാലത്തിന്റെ കാര്യത്തില്‍ വിദേശ രാഷ്‌ട്രങ്ങളെ മാതൃകയാക്കാവുന്നതാണ്. കേരളത്തിന് അനുയോജ്യമായ രീതിയില്‍ അത്തരം കാര്യങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ താങ്കള്‍ മുന്നോട്ടുവെയ്‌ക്കുന്ന പ്രധാനപ്പെട്ട ആശയം എന്താണ്? ഉദാഹരണത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മലയാളികള്‍ സമ്പാദിക്കുന്ന പണം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങളുണ്ടല്ലോ?

നല്ല ചോദ്യം. പക്ഷേ സര്‍ക്കാരാണ് അത്തരം കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കേണ്ടത്. പല കാര്യങ്ങളിലും കേരളത്തിന് പെരുമയുണ്ടെന്നത് ശരി തന്നെ. പക്ഷേ മറ്റുചില കാര്യങ്ങളില്‍ അതല്ല സ്ഥിതി. അവയിലൊക്കെ ശരിയായ സമീപനം സ്വീകരിക്കുകയാണെങ്കില്‍ അത് നല്ല കാര്യമായിരിക്കും. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അത് നന്നായിരിക്കും. മറ്റൊരു കാര്യം തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റേതാണ്. ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് പരിഹരിക്കാന്‍ അത് എങ്ങനെ ഉപയഗപ്പെടുത്താമെന്ന് പരിശോധിക്കേണ്ടതാണ്. കേരളം അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ന്നിരിക്കുന്നു.

താങ്കള്‍ ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലയില്‍ പഠിച്ച ആളാണ്. കേരളത്തിലെ ഈ നിലവാരത്തകര്‍ച്ച എങ്ങനെ പരിഹരിക്കാം?

സര്‍വ്വകലാശാലകളെ ഒറ്റയടിക്ക് നന്നാക്കാനാവില്ല. പടിപടിയായി മാത്രമേ അത് ചെയ്യാനാവൂ.

ഇന്ത്യയിലെ തന്നെ ഏറ്റവും ആഗോളവത്ക്കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ഗള്‍ഫിലെ എണ്ണ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും രൂക്ഷമാവുകയാണെങ്കില്‍ മലയാളികള്‍ നാട്ടിലേക്ക് കൂട്ടമായി മടങ്ങും. ഇതിനെ എങ്ങനെ അഭിമുഖീകരിക്കും?

പലകാര്യങ്ങളും വെച്ചുനോക്കുമ്പോള്‍ ഗള്‍ഫിലെ പ്രതിസന്ധികള്‍ കേരളത്തെ സാരമായി ബാധിക്കും. കഴിഞ്ഞ 20 വര്‍ഷമായി കേരളം ഒരു ദരിദ്ര സംസ്ഥാനമായി മാറിയിരിക്കുന്നു. ഈ വിവാദം ആഗോളതലത്തില്‍ തന്നെ സജീവമാണ്. ഈ അസമത്വത്തെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ഗള്‍ഫിലെ ഇന്ത്യക്കാരില്‍ നിന്നുള്ള വരുമാനം 20 ശതമാനമാണ്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. കേരളം പല കാര്യങ്ങളിലും മുന്‍ഗണന എന്തിനാണെന്ന് നിശ്ചയിക്കേണ്ടതുണ്ട്.

വികസനവും വളര്‍ച്ചയും വേണമെങ്കില്‍ അസമത്വത്തെ മാനദണ്ഡമാക്കരുതെന്ന വാദമുണ്ടല്ലോ?

ഞാന്‍ അതിനോട് യോജിക്കുന്നില്ല. ഉദാഹരണത്തിന് സ്‌കാന്‍ഡിനേവിയന്‍ സമ്പദ് വ്യവസ്ഥ തന്നെ ഉദാഹരണം. ആ രാജ്യങ്ങള്‍ ക്ഷേമ രാഷ്‌ട്രങ്ങളാണ്.

അപ്പോള്‍ മാന്ത്രിക ഫോര്‍മുലകള്‍ ഒന്നുമില്ല?

ഇല്ല. ഞാനും മാന്ത്രികവിദ്യകളൊന്നും കാണിക്കാന്‍ പോകുന്നില്ല. കേരളത്തിനായി ആവുന്നതെല്ലാം ചെയ്യണമെന്നാണ് എന്റെ വിനീതമായ ആഗ്രഹം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും