തെരഞ്ഞെടുപ്പ്; ഇരട്ടക്കൊലക്കേസ് പെട്ടെന്നവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

By Web TeamFirst Published Feb 22, 2019, 5:53 AM IST
Highlights

പാര്‍ട്ടി ഗ്രാമത്തിലൊളിവില്‍ പോയ പീതാംബരനടക്കമുള്ള പ്രതികളെ പൊലിസിന് മുമ്പാകെ  ഹാജരാക്കുകയായിരുന്നു സിപിഎം. മോചിപ്പിച്ച് കൊണ്ട് പോയ ഒരു പ്രതിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. 

കാസര്‍കോട്: ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പെട്ടെന്ന് അവസാനിപ്പിക്കാന്‍ നീക്കം. അന്വേഷണം കണ്ണികളിലേക്ക് നീണ്ടാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അറസ്റ്റും ബന്ധപ്പെട്ട വാര്‍ത്തകളും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. 

പാര്‍ട്ടി ഗ്രാമത്തിലൊളിവില്‍ പോയ പീതാംബരനടക്കമുള്ള പ്രതികളെ പൊലിസിന് മുമ്പാകെ  ഹാജരാക്കുകയായിരുന്നു സിപിഎം. മോചിപ്പിച്ച് കൊണ്ട് പോയ ഒരു പ്രതിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. പൊലീസ് പീതാംബരനെ പ്രധാന പ്രതിയാക്കും മുമ്പ് പാര്‍ട്ടി അയാളെ കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടി. പീതാംബരന് മുകളിലേക്കന്വേഷണം പോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇത്. 

കൃത്യം നടത്തിയ പ്രതികള്‍ വേറെയുണ്ടെന്നാദ്യം പറഞ്ഞ പൊലീസ് പിന്നീട് അത് വിഴുങ്ങി. പൊലീസിന്റെയും സിപിഎമ്മിന്റെയും ഈ ധൃതിയില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ്  ഇരട്ടക്കൊലയുടെ അലയൊലികള്‍ അവസാനിക്കണം. വോട്ടെണ്ണലില്‍ അത് പ്രതിഫലിക്കരുത്. മറ്റു കണ്ണികളെ തേടിപോയാല്‍ അന്വേഷണം നീളും. തെരഞ്ഞെടുപ്പിനിടെ അറസ്റ്റോ മറ്റോ നടന്നാല്‍ വാര്‍ത്തയാകും. അത് കൊണ്ട് അന്വേഷണം ചുരുട്ടിക്കൂട്ടാന്‍ ലഭിച്ച നിര്‍ദ്ദേശം പൊലീസ് അംഗീകരിക്കുന്നുവെന്ന് വേണം കരുതാന്‍. 

സിപിഎം നേതാവ് വി പി പി മുസ്തഫയുടെ കൊലവിളി പ്രസംഗം 

പക്ഷേ ഇപ്പോള്‍ പുറത്ത് വന്ന സിപിഎം നേതൃനിരയിലെ പ്രമുഖനായ മുസ്തഫയുടെ കൊലവിളി പ്രസംഗവും എംഎല്‍എയ്‍ക്കെതിരെയുള്ള ഭീഷണിയാരോപണവുമടക്കം തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ആയുധമാക്കുമെന്ന് മാത്രമല്ല ടിപി കേസിലേയും ഷുഹൈബ് കേസിലെയും പോലെ ഉന്നതബന്ധമെന്ന ആരോപണം ആവര്‍ത്തിച്ചുന്നയിക്കാന്‍ യുഡിഎഫിന് അവസരം നല്‍കുന്നതാവും. സര്‍ക്കാര്‍ കേസ് നടപടികള്‍ അവസാനിപ്പിക്കുന്നത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്നം ചര്‍ച്ചാ വിഷയമാകാതിരിക്കില്ല. 

എന്നാല്‍ എല്‍ ഡിഎഫിന്റെ അണികള്‍ക്ക് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശക്തമായ നടപടിയെടുത്തു എന്ന സന്ദേശം നല്‍കാന്‍ പീതാബരനെ കൈവിട്ടത് വഴി സിപിഎമ്മിനാകും. മറ്റ് നേതാക്കള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് തീരുമാനം. എങ്കിലും വടക്കന്‍ കേരളത്തിലെങ്കിലും ഇരട്ടക്കൊല മറ്റു വിഷയങ്ങളേക്കാള്‍ ചൂടുള്ള തെരഞ്ഞെടുപ്പ് വിഷയമായി നിലനില്ക്കും. 

click me!