യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; മന്ത്രി റിപ്പോര്‍ട്ട് തേടി

By Web TeamFirst Published May 4, 2019, 11:18 AM IST
Highlights

സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിന് എസ്എഫ്ഐ ഭീഷണിയുണ്ടെന്ന കുറിപ്പെഴുതി വച്ചാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യാ ശ്രമം നടത്തിയത് 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ്  ഇത് സംബന്ധിച്ച നിര്‍ദ്ദേശം നൽകിയത്. കോളേജ് അധികൃതരുമായും വിദ്യാര്‍ത്ഥിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. 

എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതായി പൊലീസ് പറയുന്നു.

രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ്  രക്തംവാർന്ന്   ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ  കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. 

പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. അതെ സമയം വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇക്കാര്യം പൊലീസിനോട് പരാതിപ്പെട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നടപടികളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. 

വിദ്യാര്‍ത്ഥിനി പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് പ്രിൻസിപ്പാളും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് എസ്എഫ്ഐയും രംഗത്തെത്തി. 

click me!