'ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല'; വിശദീകരണവുമായി സാക്കിര്‍ നായിക്

By web deskFirst Published Jul 11, 2018, 9:04 PM IST
Highlights
  • മാധ്യമങ്ങള്‍ തന്‍റെ പ്രസംഗം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുവെന്ന് സാക്കിര്‍ നായിക്
  • മലേഷ്യന്‍ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി

മുംബൈ: തനിക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വിശദീകരണവുമായി ഡോ.സാക്കിര്‍ നായിക് രംഗത്ത്. താന്‍ ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലെന്നും സാമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് എല്ലാക്കാലവും വാദിച്ചതെന്നും സാക്കിര്‍ നായിക്. 

മാധ്യമങ്ങള്‍ തന്റെ പ്രസംഗങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനം ചെയ്തുവെന്നും ഇതിലൂടെയാണ് താന്‍ തീവ്രവാദിയും കള്ളപ്പണം വെളുപ്പിക്കുന്നവനുമായി ചിത്രീകരിക്കപ്പെട്ടതെന്നും സാക്കിര്‍ നായിക് മലേഷ്യയില്‍ നിന്ന് മുംബൈയിലുള്ള ദൂതന്‍ വഴി അയച്ച പ്രസ്താവനയില്‍ പറഞ്ഞു. 

മലേഷ്യയില്‍ നിന്ന് തന്നെ ഇന്ത്യയിലേക്ക് അയക്കുന്നില്ലെന്ന തീരുമാനമെടുത്തതിന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനോട് സാക്കിര്‍ നായിക് തന്റെ നന്ദിയും രേഖപ്പെടുത്തി. മനുഷ്യത്വത്തിനെതിരായി താന്‍ എന്ത് പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാലും അതെല്ലാം കള്ളമാണെന്ന് മനസ്സിലാക്കണമെന്നും സാക്കിര്‍ കൂട്ടിച്ചേര്‍ത്തു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ സര്‍ക്കാര്‍ തള്ളിയത്. സാക്കിര്‍ നായിക്കിന്റെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ തിരിച്ചയക്കാനാകില്ലെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അറിയിച്ചത്. ഇന്ത്യയിലേക്ക് താന്‍ ഉടന്‍ മടങ്ങുന്നില്ലെന്ന് പറഞ്ഞ സാക്കിര്‍ നായിക്  നീതിയുക്തമല്ലാത്ത വിചാരണയില്‍ വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീതിപൂര്‍വമായ നിലപാട് ഉണ്ടാകുമ്പോഴേ മടക്കമുള്ളൂ എന്നുമായിരുന്നു പറഞ്ഞത്. 

ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണവുമായി ഇപ്പോള്‍ സാക്കിര്‍ നായിക് എത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് 2016ല്‍ സാക്കിര്‍ നായിക് ഇന്ത്യ വിട്ടത്.  ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന സാക്കിറിനെ എത്രയും വേഗം തിരിച്ചത്തിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യന്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.
 

click me!