ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍; സെപ്തംബര്‍ 11 മറക്കരുത്

By Web DeskFirst Published May 22, 2017, 10:45 AM IST
Highlights

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. സൗദിയെ പുകഴ്ത്തുന്നതിന് പകരം മറ്റൊരു സെപ്തംബര്‍ 11 ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ്  ഇസ്രയേലിലെത്തി.

സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനിടെ തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഡോണള്‍ഡ് ട്രംപിന് മറുപടിയുമായാണ് ഇറാന്‍ രംഗത്തെത്തിയത്. സിറിയന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. സിറിയയിലെ പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്നും ട്രംപ് വിമര്‍ശിച്ചു. ഇതിനൊപ്പം ബദ്ധവൈരികളായ സൗദിയെ വാനോളം പുകഴ്ത്താന്‍ ട്രംപ് മുതിരുകയും ചെയ്തു.  ഇതിന് പിന്നാലെയാണ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ രംഗത്തെത്തിയത്. സെപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്ക മറക്കരുതെന്നായിരുന്നു ഇറാന്റെ മറുപടി. ആക്രമണത്തിന് പിന്നില്‍ സൗദി ബന്ധമുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്  മറ്റൊരു സെപ്തംബര്‍ പതിനൊന്ന് ആവര്‍ത്തിക്കാതെ സൂക്ഷിച്ചോളാന്‍ ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത്. 

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫ് ഖൊന്‍സാരിയാണ് ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്. നേരത്തെ ഇറാനുമായി ഒബാമ ഉണ്ടാക്കിയ ആണവ കരാറിനെ തള്ളിപ്പറഞ്ഞ ട്രംപ് ഇപ്പോള്‍ വിമര്‍ശമുന്നയിക്കുന്നതിന് പിന്നിലെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞാണ് ഇറാന്റെ പ്രതികരണം. ഇതിനോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപാകട്ടെ ഇറാന്റെ മറ്റൊരു വിമര്‍ശകരായ ഇസ്രയേല്‍ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ടെല്‍ അവീവിലെത്തിയ ട്രംപ് ജറുസലേമിലേക്ക് തിരിച്ചു.  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

click me!