ഇസ്രായേല്‍ തെരഞ്ഞെടുപ്പ്‌; ബഞ്ചമിന്‍ നെതന്യാഹു അഞ്ചാമതും പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌

By Web TeamFirst Published Apr 10, 2019, 2:04 PM IST
Highlights

97 ശതമാനം വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍, 37 സീറ്റുകളാണ്‌ നെതന്യാഹുവിന്റെ ലിക്കുദ്‌ പാര്‍ട്ടിയ്‌ക്ക്‌ ലഭിച്ചത്‌. 

ജെറുസലേം: ഇസ്രായേലില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ബഞ്ചമിന്‍ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്‌ അഞ്ചാം തവണയാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ നെതന്യാഹു തെരഞ്ഞെടുക്കപ്പെടുന്നത്‌. 97 ശതമാനം വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍, 37 സീറ്റുകളാണ്‌ നെതന്യാഹുവിന്റെ ലിക്കുദ്‌ പാര്‍ട്ടിയ്‌ക്ക്‌ ലഭിച്ചത്‌. 120 അംഗങ്ങളുള്ള പാര്‍ലമമെന്റില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്‌ക്കും ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും നെതന്യാഹുവിന്റെ ലിക്കുദ്‌ പാര്‍ട്ടിയാണ്‌ കൂടുതല്‍ സീറ്റുകള്‍ നേടിയത്‌. 

നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനമന്ത്രിയായ നെതന്യാഹുവിന്‌ സഖ്യസര്‍ക്കാര്‍ രൂപീകരിച്ച്‌ വീണ്ടും അധികാരത്തിലേറാം. മറ്റ്‌ കക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്‌. നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ബെന്നി ഗാന്റ്‌റ്‌സിന്റെ ബ്ലൂ ആന്റ്‌ വൈറ്റ്‌ പാര്‍ട്ടി 35 സീറ്റുകള്‍ നേടിയിട്ടുണ്ട്‌. 

2009-തിലാണ്‌ നെതന്യാഹു നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇത്തവണയും അധികാരത്തിലേറുന്നതോടെ ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി എന്ന റിക്കോര്‍ഡിന്‌ ഉടമയാകും 69 കാരനായ നെതന്യാഹു. ഇസ്രായേലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്റെ റിക്കോര്‍ഡാണ്‌ നെതന്യാഹു മറികടക്കുക. തെരഞ്ഞടുപ്പ്‌ ഫലം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. 

click me!