കടമെടുപ്പ് പരിധിയില്‍ വഴിമുട്ടി ബജറ്റ് ചര്‍ച്ചകള്‍ ; കേന്ദ്രത്തില്‍ പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്ക്

By Web TeamFirst Published Dec 16, 2018, 2:32 AM IST
Highlights

 കേരളത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രാനുമതി വൈകുന്നത് സംസ്ഥാന ബജറ്റിന്‍റെ മുന്നൊരുക്കങ്ങളെ പ്രതിസന്ധിയിലാക്കുന്നു. നവകേരള നിര്‍മ്മാണത്തിനായി വിദേശ ഏജന്‍സികള്‍ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവ ബജറ്റില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് വ്യക്തമല്ല.

തിരുവനന്തപുരം:  കേരളത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രാനുമതി വൈകുന്നത് സംസ്ഥാന ബജറ്റിന്‍റെ മുന്നൊരുക്കങ്ങളെ പ്രതിസന്ധിയിലാക്കുന്നു. നവകേരള നിര്‍മ്മാണത്തിനായി വിദേശ ഏജന്‍സികള്‍ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവ ബജറ്റില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് വ്യക്തമല്ല. വായ്പാ പരിധിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മഹാപ്രളയ ശേഷമുളള ആദ്യ ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. ബജറ്റിന്‍റെ ഗണ്യമായൊരു ഭാഗം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനരുദ്ധാരണത്തിനായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് ചര്‍ച്ചകളും തുടങ്ങി. ലോകബാങ്ക് അടക്കമുളള ഏജന്‍സികളില്‍ നിന്നെടുക്കുന്ന ദീര്‍ഘകാല വായ്പകള്‍ പ്രതീക്ഷിച്ചായിരുന്നു ചര്‍ച്ചകളേറെയും. 
 
3600 കോടി വായ്പ നല്കാമെന്ന് ലോക ബാങ്ക് ഉറപ്പ് നല്‍കി. ജപ്പാന്‍ ഏജന്‍സിയായ ജൈക്കയും ( ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി ) ജര്‍മ്മനിയും വായ്പ അനുവദിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം ഇതുവരെ ഉയര്‍ത്താത്തതിനാല്‍ ചര്‍ച്ചകള്‍ വഴി മുട്ടി നില്‍ക്കുകയാണ്.  

കേരളത്തിന്‍റെ കടമെടുപ്പ് പരിധി നിലവില്‍ സംസ്ഥാന ആഭ്യന്തരോല്‍പ്പാദനത്തിന്‍റെ മൂന്ന് ശതമാനമാണ്. ഇത് നാലര ശതമാനമാക്കി ഉയര്‍ത്തണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. ഇത് കേന്ദ്രം അനുവദിച്ചാല്‍ 12000 കോടിയോളം രൂപ അധികമായി വായ്പയെടുക്കാനാകും. അതായത് നവകേരള നിര്‍മ്മാണത്തിനാവശ്യമായ മൂന്നിലൊന്ന് തുക ഒരു വര്‍ഷം കൊണ്ട് തന്നെ ഇത്തരത്തില്‍ കണ്ടെത്താം. 

കേന്ദ്രം കടുംപിടുത്തം തുടര്‍ന്നാല്‍ ബജറ്റിന്‍റെ പരിഗണന അടിയന്തര പ്രധാന്യമുളള പദ്ധതികളൊഴികെ മറ്റെല്ലാം വെട്ടിച്ചുരുക്കേണ്ടി വരും. തകര്‍ന്നു കിടക്കുന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കാനും  കുടിവെളള വിതരണം പുനസ്ഥാപിക്കാനുമാകും മുന്തിയ പരിഗണന നല്‍കുക. ഏറ്റവുമധികം നാശമുണ്ടായ കുട്ടനാട്, വയനാട് അടക്കമുളള പ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. 

click me!