Latest Videos

സംസ്ഥാനത്ത് കുഴൽക്കിണർ കുത്തുന്നതിന് വിലക്ക്

By Web DeskFirst Published Feb 18, 2017, 2:29 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.സംസ്ഥാനത്തെ പാറക്കുളങ്ങളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ച് ഏറ്റെടുക്കാനും ജില്ലാകളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും റവന്യു വകുപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നു എന്നാണ് പഠനം. പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്. മഴക്കുറവിന് പുറമെ അനിയന്ത്രിതമായ ചൂടും കൂടിയായതോടെ സ്ഥിതി വഷളായെന്നാണ് ഭൂജലവകുപ്പ് റവന്യു വകുപ്പിന് നല്‍കിയ മുന്നറിയിപ്പ്. ജലചൂഷണം തടയാന്‍ കര്‍ശന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മെയ് അവസാനം വരെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പാടില്ല. ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉറപ്പ് വരുത്തണമെന്നാണ് ജില്ലാക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഓരോ ജില്ലയിലേയും പാറക്കുളങ്ങള്‍ കണ്ടെത്തി കുടിവെള്ള ഉപയോഗത്തിന് പര്യാപ്തമാണോ എന്ന് പരിശോധിച്ച ശേഷം ഏറ്റെടുക്കാനും നിര്‍ശമുണ്ട്. മാത്രമല്ല ഇത്തരം ശ്രോതസ്സുകളില്‍ നിന്ന് മറ്റുള്ളവര്‍ ജലചൂഷണം നടത്തുന്നത് തടയുകയും വേണം. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നതടക്കം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കിയോസ്കുകള്‍ പ്രായോഗികമല്ലെന്ന് തോന്നുന്ന ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള വിവേചനാധികാരവും കളക്ടര്‍മാര്‍ക്കാണ്. പക്ഷെ ജിപിഎസ് ഘടിപ്പിച്ച ലോറികളില്‍ മാത്രമെ വെള്ളം കൊണ്ടുപോകാവൂ എന്നും ഉത്തരവുണ്ട്.

 

click me!