അഴിമതി കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്ത്; ഒന്നാമത് മഹാരാഷ്ട്ര

By Web DeskFirst Published Dec 24, 2017, 2:27 PM IST
Highlights

ദില്ലി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഴിമതി കേസുകളുടെ എണ്ണത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനം. മഹാരാഷ്ടയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. 1016 കേസുകളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ടത്. 430 അഴിമതിക്കേസുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 

മൊത്തം 4439 അഴിമതി കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രക്ക് പിറകില്‍ ഒഡീഷയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒഡീഷയില്‍ മാത്രം 569 കേസുകളാണ് 2016ല്‍ റജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ കേരളത്തില്‍ 430 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2015ല്‍ അഴിമതി നിരോധന നിയമപ്രകാരവും, ഐപിസിയിലെ സമാന വകുപ്പുകള്‍ പ്രകാരവും 377 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. 2016ല്‍ ഇത് 430 ആയി വര്‍ധിച്ചു. രാജ്യത്തെ അഴിമതിയില്‍ കേരളത്തിന്റെ ശരാശരി 9.7 ശതമാനമാണ്. മഹാരാഷ്ട്രയുടേത് 22.9 ശതമാനവും, ഒഡീഷയുടേത് 12.8 ശതമാനവുമാണെന്ന് ദേശീയ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നു. 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതെന്നാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍വേയുടെ കണ്ടെത്തല്‍. ഏറ്റവും കുറവ് ഐടി വകുപ്പിലാണ്. അഴിമതിക്കേസുകളില്‍ കോടതിയില്‍ വിചാരണ കാത്ത് കിടക്കുന്ന കേസുകളുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. 2016 ല്‍ അഴിമതിക്കുറ്റത്തിന് കേരളത്തില്‍ ഒരാളെ മാത്രമാണ് വകുപ്പുതല ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കിയത്. നിരവധി കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നുണ്ട്. 2016 അവസാനത്തോടെ, സംസ്ഥാനത്ത് 1167 കേസുകളാണ് വിചാരണ കാത്ത് കെട്ടിക്കിടക്കുന്നത്. മുന്‍വര്‍ഷത്തെ 1102 കേസുകളും വിചാരണക്കായി കെട്ടിക്കിടക്കുകയാണ്. 65 കേസുകല്‍ വിചാരണക്കായി അയച്ചു. 49 കേസുകള്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയാക്കിയതെന്നും എന്‍സിആര്‍ബി രേഖകള്‍ വെളിപ്പെടുത്തുന്നു. 

click me!