കിസാന്‍ സഭ ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു

By Web TeamFirst Published Feb 22, 2019, 1:50 AM IST
Highlights

മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കിയതിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് മാര്‍ച്ച് അവസാനിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ അറിയിച്ചു. 
 

നാസിക്ക്: വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയില്‍ കിസാന്‍ സഭ നടത്തിയ ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു. മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കിയതിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് മാര്‍ച്ച് അവസാനിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ അറിയിച്ചു. 

നേരത്തെ നിയമസഭയില്‍ നല്‍കിയ ഉറപ്പ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പാലിച്ചില്ലെന്ന്  ആരോപിച്ചാണ് ഒരുവര്‍ഷം തികയുന്നതിന് മുമ്പേ രണ്ടാം ലോംഗ് മാര്‍ച്ചിന് കിസാന്‍സഭ ആഹ്വാനം ചെയ്തത്. എന്നാല്‍ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോംഗ് മാര്‍ച്ച് അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചത്. ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് എഴുതി നല്‍കിയതായി നേതാക്കള്‍ അവകാശപ്പെട്ടു. 

മഹാരാഷ്ട്ര മന്ത്രിമാരായ ഗിരീഷ് മഹാജന്‍, രഘുനാഥ് റാവു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വീണ്ടും മാര്‍ച്ച് ആരംഭിച്ചത്. ലോംഗ് മാര്‍ച്ച് എതാനും കിലോമാറ്ററുകള്‍ പിന്നിട്ടതിന് ശേഷമാണ് ചര്‍ച്ച വിജയമായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചത്. 

ആവശ്യപ്പെട്ട കാര്യങ്ങള്‍ എഴുതിനല്‍കിയത് കൊണ്ടായില്ലെന്നും അവ പ്രായോഗീകമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ഗുജറാത്തിലേക്ക് നദീ ജലം വഴിതിരിച്ചുവിടുന്നത് അവസാനിപ്പിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കുക എന്നിവയാണ് പ്രധാനമായും കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് നടപ്പിലാക്കിയില്ലെങ്കില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുമെന്നാണ് കിസാന്‍സഭാ നേതാക്കളുടെ തീരുമാനം. 
 

click me!