അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തി

By Web DeskFirst Published Dec 25, 2017, 2:17 PM IST
Highlights

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്‍റെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 30 മിനുട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കനത്ത സുരക്ഷയിലായിലാണ് കൂടിക്കാഴ്ച. പാകിസ്ഥാന്‍റെ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബാംഗങ്ങളെ കാണുന്നത്. 22 മാസങ്ങള്‍ക്ക് മുമ്പാണ് കുല്‍ഭൂഷണ്‍ പിടിയിലായത്.. ഇസ്ലാമാബാദിൽ എത്തിയ കുൽഭൂഷൺ ജാദവിൻറെ കുടുംബത്തിന് വിമാനത്താവളം മുതല്‍ പ്രത്യക കമാൻഡോ സുരക്ഷ യാണ് ഒരുക്കിയത്. പാകിസ്ഥാന്‍ വാക്കുപാലിച്ചുവെന്ന്  പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസൽ ട്വിറ്ററില്‍ പ്രതികരിച്ചു. 

കൂടിക്കാഴ്ച നടക്കുന്ന ഇസ്‌ലാമാബാദിലെ വിദേശകാര്യ മന്ത്രാലയം ഓഫീസിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സമ്മതിക്കുകയാണെങ്കിൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്. 

ചാരപ്രവൃത്തി  ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷന്‍ ജാധവ്. അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്. ജാധവിന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു. ചാരപ്രവര്‍ത്തി കേസില്‍ ജയിലില്‍ അടച്ചവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാധവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്രാ കോടതിയില്‍ തെളിഞ്ഞിരുന്നു.

click me!