തെരഞ്ഞെടുപ്പ് തോല്‍വി; മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം നേത‍ൃത്വത്തിനെന്ന് നിതിൻ ഗഡ്‍കരി

By Web TeamFirst Published Dec 25, 2018, 11:51 AM IST
Highlights

ആലോചിച്ച് ഉറപ്പിച്ചാണ് പ്രസ്താവനകളെന്ന് പുതിയ പ്രസ്താവന വ്യക്തമാക്കുന്നു. താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കിൽ  എം പിമാരും എം എൽ എമാരുടെയും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് ഗഡ്കരിയുടെ കുത്ത്. 

ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ബി ജെ പി നേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി രംഗത്ത്. എം പിമാരുടെയും എം എല്‍ എമാരുടെയും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനാണെന്ന് ഇന്‍റിലിജന്‍സ് ബ്യൂറോയുടെ വാര്‍ഷിക സമ്മേളനത്തിൽ ഗഡ്കരി പറഞ്ഞു.

മോദി കപട വാഗ്ദാനങ്ങളുടെ ആശാനെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ 15 ലക്ഷം രൂപ അക്കൗണ്ടിലിടുമെന്ന് വാക്ക് നല്‍കിയത്, നടപ്പാക്കാനാവില്ലെന്ന ഉറപ്പോടെയാണെന്ന് നിതിൻ ഗഡ്കരി നേരത്ത തുറന്നു പറഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണണമെന്ന് രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ഗഡ്കരിയുടെ വിശദീകരിച്ചു. 

പക്ഷേ ആലോചിച്ച് ഉറപ്പിച്ചാണ് പ്രസ്താവനകളെന്ന് പുതിയ പ്രസ്താവന വ്യക്തമാക്കുന്നു. താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കിൽ  എം പിമാരും എം എൽ എമാരുടെയും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് ഗഡ്കരിയുടെ കുത്ത്. നന്നായി സംസാരിച്ചത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല. മോദി - അമിത് ഷാ നേതൃത്വം നെഹ്‍റുവിനെ തമസ്കരിക്കുമ്പോള്‍ ഗഡ്‍കരി അദ്ദേഹത്തെ ഉദ്ധരിക്കന്നുവെന്നതും ശ്രദ്ധേയമാണ്. 

നിലവിലെ നേതൃത്വത്തിന്‍റെ നയങ്ങള്‍ക്കൊപ്പമില്ലെന്ന് സൂചിപ്പിച്ചും നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചും മുതിര്‍ന്ന മന്ത്രിയായ നിതിൻ ഗഡ്‍കരി പാര്‍ട്ടിയില്‍ വേറെ വഴി തുറക്കുന്നു. രാഷ്ട്രീയ സാഹചര്യം മാറിയാൽ സ്വീകാര്യനാവുകയെന്നതാണ് ഗഡ്‍കരിയുടെ ഉന്നമെന്ന് വിമര്‍ശകരും പറയുന്നു.  

ഇതിനിടെ യു പിയിൽ എസ് പി - ബി എസ് പി സഖ്യം സാധ്യമായാൽ ബി ജെ പി 28 സീറ്റിലേയ്ക്ക് ഒതുങ്ങുമെന്ന് സര്‍വേ റിപ്പോര്‍ട്ട് സ്വകാര്യ ചാനൽ പുറത്തു വിട്ടു. സഖ്യത്തിന് 50 സീറ്റ് വരെ കിട്ടാമെന്നാണ് പ്രവചനം. ഇതിനിടെ യു പിയിൽ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തയ്യാറെടുപ്പ് കോണ്‍ഗ്രസ് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ഉന്നമിട്ടാണ് കോണ്‍ഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും  മന്ത്രിമാരെ തെരഞ്ഞെടുത്തത്.


 

click me!