'ഭക്തരുടെ ഇരുമുടിക്കെട്ട് പരിശോധിക്കാമെന്ന വിചാരം വേണ്ട'; താക്കീതുമായി ശശികലയും എം.ടി രമേശും

By Web TeamFirst Published Nov 4, 2018, 4:52 PM IST
Highlights

'അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണമെങ്കില്‍ ബെഹ്‌റാജി പൊലീസിന്റെ സ്വന്തം ചെലവില്‍ (ദേവസ്വം ബോര്‍ഡിന്റെ ചെലവിലല്ല) സ്‌കാനര്‍ വാങ്ങണം. ഗുരുസ്വാമിമാര്‍ മുറുക്കിയ കെട്ട് അഴിക്കാന്‍ വല്ല പൂതിയുമുണ്ടെങ്കില്‍ അത് വേണ്ട'

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുരക്ഷയുടെ ഭാഗമായി ഭക്തരുടെ ഇരുമുടിക്കെട്ട് പരിശോധിക്കാമെന്ന ധാരണ സര്‍ക്കാരിനും പൊലീസിനും വേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും. 

'അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണമെങ്കില്‍ ബെഹ്‌റാജി പൊലീസിന്റെ സ്വന്തം ചെലവില്‍ (ദേവസ്വം ബോര്‍ഡിന്റെ ചെലവിലല്ല) സ്‌കാനര്‍ വാങ്ങണം. ഗുരുസ്വാമിമാര്‍ മുറുക്കിയ കെട്ട് അഴിക്കാന്‍ വല്ല പൂതിയുമുണ്ടെങ്കില്‍ അത് വേണ്ട'- ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശികല അറിയിച്ചു. 

'പൊലീസിനെ ഉപയോഗിച്ച് അയ്യപ്പനെ ബന്ധിയാക്കി ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് വലിയ വില നല്‍കേണ്ടിവരും. ഇരുമുടിക്കെട്ട് പരിശോധിക്കാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'- എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. 

 

എന്നാല്‍ ഭക്തരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള അറിയിപ്പുകളും ഇതുവരെയും സര്‍ക്കാര്‍ പ്രതിനിധികളോ പൊലീസോ അറിയിച്ചിട്ടില്ല. സന്നിധാനത്ത് കനത്ത സുരക്ഷ ഒരുക്കുമെന്നും വേണ്ടിവന്നാല്‍ മുതിര്‍ന്ന വനിതാ പൊലീസുകാരെ സ്ഥലത്ത് നിയോഗിക്കുമെന്നും നേരത്തേ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചിരുന്നു.

click me!