ബോട്‌സ്വാനയില്‍ 350ഓളം കാട്ടാനകള്‍ ചരിഞ്ഞു; ദുരൂഹത

By Web TeamFirst Published Jul 2, 2020, 10:57 AM IST
Highlights

കൊവിഡ് വ്യാപനത്തിനിടയില്‍ ആനകളുടെ കൂട്ടത്തോടെയുള്ള ദുരൂഹമരണം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
 

ണ്ട് മാസത്തിനുള്ളില്‍ ബോട്‌സ്വാനയില്‍ 350ഓളം കാട്ടാനകള്‍ ചരിഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് വിവിധയിടങ്ങളിലായി ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിക്കുകളോ വേട്ടയാടിയതിന്റെ ലക്ഷണങ്ങളോ ഒന്നുമില്ല. വിഷബാധയേറ്റാണോ അതോ ആന്ത്രാക്‌സ് ബാധിച്ചാണോ ആനകള്‍ കൂട്ടമായി ചത്തതെന്ന് അന്വേഷിക്കുകയാണെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ് റീജിയണല്‍ വൈല്‍ഡ് ലൈഫ് കോ ഓര്‍ഡിനേറ്റര്‍ ദിമാകാട്‌സോ എന്റ്‌ഷെബെ പറഞ്ഞു.

കൊവിഡ് വ്യാപനത്തിനിടയില്‍ ആനകളുടെ കൂട്ടത്തോടെയുള്ള ദുരൂഹമരണം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആനകളുടെ നാഡീവ്യവസ്ഥ തകര്‍ന്നാണ് മരണം സംഭവിക്കാന്‍ സാധ്യതയെന്ന് ഡോ. നിയാല്‍ മക്കാന്‍ ബിബിസിയോട് പറഞ്ഞു. അതേസമയം, ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതുകാരണം കൊലപ്പെടുത്തിയതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആഫ്രിക്കയിലെ ആനകളുടെ എണ്ണം കുറയുമ്പോള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ബോട്‌സ്വാനയിലെ ആനകളുടെ എണ്ണം 80000ത്തില്‍ നിന്ന് 1,30000 ആയി. കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന് പരാതികളും ഉയര്‍ന്നിരുന്നു.

ചരിഞ്ഞ ആനകളിലൊന്ന്

വെള്ളക്കെട്ടുകള്‍ക്ക് സമീപമാണ് 70 ശതമാനം ആനകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒകവാംങ്കോ ഡെല്‍റ്റയില്‍ നൂറുകണക്കിന് ആനകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വരള്‍ച്ച കാരണമല്ലാതെ ഇത്രയും ആനകള്‍ കൂട്ടത്തോടെ ചത്തത് ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. ആനകളുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ച കഴുകന്മാര്‍ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ വിഷബാധയേറ്റല്ല ആനകളുടെ മരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  കൊമ്പ് മോഷ്ടാക്കള്‍ കൈവശപ്പെടുത്താതിരിക്കാന്‍ മൃതദേഹങ്ങള്‍ക്ക് കാവലേര്‍പ്പെടുത്തണമെന്ന് മൃഗസ്‌നേഹികളുടെ സംഘടന ആവശ്യപ്പെട്ടു.
 

click me!