ശബരിമലയിലെ സ്ത്രീ പ്രവേശനം: സർക്കാരിനും ബോർഡിനും വെല്ലുവിളികളേറെ

By Web TeamFirst Published Sep 28, 2018, 3:14 PM IST
Highlights

ശബരിമലയിൽ സ്ത്രീപ്രവേശന വിധി നടപ്പാക്കുമ്പോൾ സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒരുക്കേണ്ടി വരുമെന്നാണ് ഇതിൽ പ്രധാനം. പ്രളയത്തിൽ പമ്പ ത്രിവേണി പൂർണമായും തകർന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
 

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശന വിധി നടപ്പാക്കുമ്പോൾ സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒരുക്കേണ്ടി വരുമെന്നാണ് ഇതിൽ പ്രധാനം. പ്രളയത്തിൽ പമ്പ ത്രിവേണി പൂർണമായും തകർന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.

മണ്ഡലകാലത്ത് ശരാശരി 4 കോടി തീർത്ഥാടകരെത്തുന്ന ശബരിമലയിൽ സത്രീകൾക്കു കൂടി ഇനി താമസ , ശുചിമുറി സൗകര്യങ്ങൾ അധികമായി കണ്ടെത്തേണ്ടതായി വരും. സന്നിധാനത്ത് താമസത്തിന് നിലവിൽ നാമമാത്ര സൗകര്യങ്ങളാണ്. ദേവസ്വം ബോർഡിന്‍റെ കൈവശമുള്ളത് 50 ഏക്കറിൽ താഴെ ഭൂമി മാത്രമാണ്. 1 ഏക്കർ കൂടി അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബോർഡ് വിശദമാക്കിയിട്ടുണ്ട്. 

പെരിയാർ ടൈഗർ റിസർവ്വിൽ ഉൾപ്പെടുന്നതിനാൽ ഭൂമി വിട്ടുകിട്ടൽ എളുപ്പമല്ല. സുരക്ഷയാണ് മറ്റൊരു പ്രശ്നം. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ വനിതാ സുരക്ഷാ സേനാംഗങ്ങളെ നിയമിക്കണം. കാനന പാത അടക്കമുള്ള സ്ഥലങ്ങളിലും സുരക്ഷാ ശക്തിപ്പെടുത്തണം. ത്രിവേണിയിൽ ശൗചലായങ്ങൾ നിലവിലുള്ളത് 500 ൽ താഴെയാണ്. താമസത്തിനോ വിശ്രമത്തിനോ സൗകര്യങ്ങളില്ല.

ത്രിവേണിയിൽ പ്രത്യേക സ്നാനഘട്ടവും ഒരുക്കേണ്ടതായിവരും. പ്രാഥമിക ആവശ്യങ്ങൾക്കും നിലക്കലിലും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കണം. തിരക്കുള്ള സമയത്ത് മിനിട്ടിൽ 80 പേർക്കാണ് പതിനെട്ടാം പടി കയാറാനാകുക. വനിതകൾക്കായി ദർശനത്തിനും വഴിപാടുകൾക്കും പ്രത്യേക ക്യൂവ്യും ഒരുക്കേണ്ടി വരുമെന്നത് ദേവസ്വം ബോർഡിന് തലവേദനയാകാനിടയുണ്ട്.

click me!