ഓഖി; 208 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍

By web deskFirst Published Dec 24, 2017, 2:00 PM IST
Highlights

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 208 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാറിന്റെ പുതിയ കണക്ക്. 166 മലയാളികളെയും 42 ഇതരസംസ്ഥാനക്കാരെയുമാണ് കണ്ടെത്താനുള്ളതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 132 പേരെ കാണാതായതിന് എഫ്‌ഐആര്‍ എടുത്തിട്ടുണ്ട്. 34 പേരുടെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. മല്‍സ്യത്തൊഴിലാളികളുടെ കണക്കുംകൂടി പരിഗണിച്ചാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 32 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്. 

ഓഖി ദുരന്തം മൂലമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം 26 -ന് കേരളത്തിലെത്തും. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മൂന്നായി തിരിഞ്ഞ് ദുരന്തബാധിത ജില്ലകള്‍ സന്ദര്‍ശിക്കും. ഇവര്‍ 29 വരെ സംസ്ഥാനത്ത് ഉണ്ടാകും. കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കും. 

രണ്ടാമത്തെ സംഘത്തിന് കേന്ദ്ര ഊര്‍ജ മന്ത്രാലയം ഡയറക്ടര്‍ എം.എം.ധകാതെ നേതൃത്വം നല്‍കും. ഈ സംഘം പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകള്‍ സന്ദര്‍ശിക്കും. എറണാകുളം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കുന്ന ടീമിന് എസ്.തങ്കമണി നേതൃത്വം നല്‍കും. ജില്ലകള്‍ മുന്‍കൂട്ടി നിശ്ചയിച്ചശേഷമാണ് സന്ദര്‍ശനമെങ്കിലും മറ്റു ജില്ലകളില്‍ നാശനഷ്ടമുണ്ടെന്ന് പരാതി ഉയര്‍ന്നാല്‍ അവിടേക്കും പോകും. 26നു വൈകിട്ട് തലസ്ഥാനത്തെത്തുന്ന സംഘങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
 

click me!