പാകിസ്ഥാൻ 'ഗ്രേ' പട്ടികയിൽ തന്നെ: വായ്പ കിട്ടാതെ വലയും, ഭീകരർക്ക് സഹായം തുടർന്നാൽ കരിമ്പട്ടികയിൽ

By Web TeamFirst Published Feb 22, 2019, 5:40 PM IST
Highlights

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ 'ഗ്രേ' ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടെന്ന് രാജ്യാന്തര സാമ്പത്തിക ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സ് തീരുമാനിച്ചത്. 

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് രാജ്യാന്തര സാമ്പത്തിക കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സ് (FATF). ലഷ്കർ ഇ ത്വയ്യിബ, ജയ്ഷ് ഇ മുഹമ്മദ് എന്നീ ഭീകരവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് പാകിസ്ഥാൻ തുടരുകയാണെന്ന് കൂട്ടായ്മ വ്യക്തമാക്കി. മുന്നറിയിപ്പുകൾ അവഗണിച്ചും നടപടി തുടരുന്നതിനാൽ പാകിസ്ഥാനെ ഗ്രേ പട്ടികയിൽ നിന്ന് ഒഴിവാക്കണ്ടെന്നാണ് എഫ്എടിഎഫ് തീരുമാനിച്ചിരിക്കുന്നത്.

ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്. പാരീസിൽ നടന്ന സംഘടനയുടെ വാർഷികയോഗത്തിലാണ് തീരുമാനം.

ഇതോടെ അന്താരാഷ്ട്ര തലത്തിൽ വായ്പകൾ വാങ്ങാൻ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളായ ലോകബാങ്ക്. ഐഎംഎഫ്, എഡിബി ഉൾപ്പടെയുള്ളവയിൽ നിന്ന് വായ്പകൾ വാങ്ങാനും പാകിസ്ഥാന് എളുപ്പത്തിൽ കഴിയില്ല. 

''പുൽവാമ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. തീവ്രവാദികൾക്ക് കൃത്യമായി പണം ആരെങ്കിലും നൽകാതെ ഇത്തരമൊരു ആക്രമണം നടക്കില്ല.'' എഫ്എടിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

മെയ് 2019 വരെയാണ് പാകിസ്ഥാന് എഫ്എടിഎഫ് സമയം നൽകിയിരിക്കുന്നത്. അതിനുള്ളിൽ രാജ്യത്തെ ഭീകരവാദസംഘടനകൾക്ക് പണം നൽകുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കൂട്ടായ്മ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തും. കഴിഞ്ഞ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തി എഫ്എടിഎഫ് മുന്നറിയിപ്പ് നൽകിയത്. 

എന്നാൽ ഇപ്പോൾത്തന്നെ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം എഫ്എടിഎഫ് അംഗീകരിച്ചില്ല. പക്ഷേ, നീക്കത്തിൽ നിന്ന് പിൻമാറില്ലെന്നും പാകിസ്ഥാന് പുൽവാമ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകൾ എഫ്എടിഎഫിന് മുന്നിൽ വയ്ക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കി.

നിലവിൽ കടക്കെണിയിൽ വലയുകയാണ് പാകിസ്ഥാൻ. കഴിഞ്ഞ ആഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ സന്ദർശനത്തിനെത്തിയപ്പോൾ 20 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഐഎംഎഫും പാകിസ്ഥാന് വായ്പ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

എന്നാൽ ഒരിക്കൽ കരിമ്പട്ടികയിൽ പെട്ടാൽ പാകിസ്ഥാന് പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല. എല്ലാ സാമ്പത്തിക ഏജൻസികളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും സഹായം നിന്നാൽ പാകിസ്ഥാന്‍റെ സാമ്പത്തികരംഗം തകർ‍ന്നടിയും.

click me!