പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

By Web DeskFirst Published Dec 5, 2016, 7:43 PM IST
Highlights

രാജ്ഭവനില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കായുള്ള നടപടികള്‍ 12 മണിയോടെ തന്നെ ആരംഭിച്ചിരുന്നു. അപ്പോളാ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണ വിവരം പുറത്തറിയിച്ച അപ്പോള്‍ തന്നെ എഐഎഡിഎംകെ എംഎല്‍എമാരെല്ലാം രാജ്ഭവനില്‍ എത്തിച്ചേര്‍ന്നതായാണ് വിവരം. രാത്രി 11.30ഓടെ ആശുപത്രിയില്‍ എത്തിയ പനീര്‍സെല്‍വം ജയലളിതയുടെ മരണം സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് മടങ്ങിയിരുന്നു. 

ജയളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ മുഴുവന്‍ അണ്ണാഡിഎംകെ എംഎല്‍എമാരെയും ആശുപത്രിയിലേക്ക് വിളിപ്പിച്ച് പനീര്‍സെല്‍വത്തിന്റെ നേതൃത്വം സംബന്ധിച്ചുള്ള സമ്മതം എല്ലാവരില്‍ നിന്നും ഒപ്പിട്ടു വാങ്ങുകയായിരുന്നു. രണ്ടു തവണ 'കാവല്‍' മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വത്തെ നിയോഗിച്ചിരുന്നു. 2001ല്‍ ആദ്യമായി പനീര്‍ സെല്‍വത്തിന്റെ പേര് മുന്നോട്ടുവച്ചത് ജയലളിതയുടെ തോഴി ശശികലയാണ്. 
താന്‍സി ഭൂമി ഇടപാടുകേസില്‍പ്പെട്ട് സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ജയലളിതയ്ക്ക് മാറി നില്‍ക്കേണ്ടി വന്നപ്പോഴാണ് പനീര്‍സെല്‍വം ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അന്ന് തനിക്കു പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാന്‍ വിശ്വസ്ത മന്ത്രിമാരോടു തന്നെയായിരുന്നു ജയയുടെ ആദ്യചര്‍ച്ച. ധനമന്ത്രി സി.പൊന്നയ്യനെ വെട്ടിയാണ് ശശികലയുടെ ഇടപെടലോടെ പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയാകുന്നത്.

'തേവര്‍' വിഭാഗത്തില്‍പ്പെട്ട ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നായിരുന്നു അവരുടെ നിര്‍ദേശം. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലെ സ്വാധീനം നഷ്ടമാകാതിരിക്കണമെങ്കില്‍ അതു വേണമായിരുന്നു. അങ്ങനെയാണ് അതേവിഭാഗത്തില്‍പ്പെട്ട പനീര്‍സെല്‍വത്തിന്റെ പേര് വരുന്നത്.ജയ ലളിതക്ക് പകരം മുഖ്യമന്ത്രിയായ ശേഷം മേശമേല്‍ ജയയുടെ ചിത്രം വച്ച്, നിയമസഭയില്‍ അവരുടെ മുറി ഒഴിവാക്കി, മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലും തയാറാകാതെയായിരുന്നു പനീര്‍ശെല്‍വത്തിന്റെ ഭരണം.

2014ല്‍ അനധികൃത സ്വത്തുസമ്പാദന കേസില്‍പ്പെട്ട് ജയലളിത രാജിവച്ചപ്പോഴും നറുക്ക് പനീര്‍സെല്‍വത്തിനു തന്നെയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലായപ്പോഴും ജയലളിത മുഖ്യമന്ത്രിയുടെ മുഴുവന്‍ ചുമതലകളും പനീര്‍ശെല്‍വത്തിന് നല്‍കിയിരുന്നു. 

click me!