പരവൂരിലെ വിവിഐപി സന്ദര്‍ശനം: വിവാദം കൊഴുക്കുന്നു

By Asianet newsFirst Published Apr 16, 2016, 5:03 AM IST
Highlights

തിരുവനന്തപുരം: മോദിയുടെ മിന്നല്‍ സന്ദര്‍ശനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുത്തു. ദുരന്തദിവസം തന്നെ  സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍  പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം  ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി വന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോള്‍ വിവിഐപികളുടെ ആശുപത്രി സന്ദര്‍ശനത്തിന് മാര്‍ഗ്ഗരേഖ വേണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഡിജിപിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

 

സുരക്ഷ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ ഡിജിപി ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മോദിയുടെയും രാഹുലിന്റെയും സന്ദര്‍ശനം ചികിത്സ തടസ്സപ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞതായി ഒരു ഇംഗ്‌ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് നിഷേധിച്ച ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിവിഐപി സംഘത്തിന്റെ സന്ദര്‍ശനത്തിന് മാര്‍ഗ്ഗരേഖ ആവശ്യപ്പെട്ടു.

വിവാദം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് അനുകൂലിച്ച് മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തി.എന്നാല്‍ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരുടെ പ്രസ്താവനക്ക് പിന്നില്‍ സര്‍ക്കാറാണെന്നാണ് ബിജെപി കേന്ദ്ര നേതാക്കളുടെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും ആരോപണം. ഡിജിപിക്കെതിരെ നടപടി വേണമെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേ സമയം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ 108 പേര്‍ മരിച്ചിട്ടും, ഭരണസമിതി അംഗങ്ങള്‍ക്ക് പോറല്‍ പോലും ഏല്‍ക്കാത്തത് അതിശയമെന്ന് പരവൂര്‍ മജിസ്‌ട്രേറ്റ് കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ ക്ഷേത്രം ഭരണസമിതി അംഗങ്ങളെ ഈ മാസം 20 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. 

click me!