പുതിയ തമിഴ്നാട് മുഖ്യമന്ത്രി: തെറ്റിയതു കേന്ദ്രത്തിന്‍റെ കണക്കുകൂട്ടലും

By Web DeskFirst Published Feb 17, 2017, 1:26 AM IST
Highlights

ദില്ലി: പനീർശെൽവത്തിന് അണ്ണാ ഡിഎംകെയുടെ നിയന്ത്രണം കിട്ടും എന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ കൂടിയാണ് തമിഴ്നാട്ടിൽ തെറ്റിയത്. തന്നെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താതെ കേന്ദ്രം നടത്തിയ നീക്കങ്ങളോട് ഭാവിയിൽ ശശികല പ്രതികാരബുദ്ധിയോടെ പ്രതികരിച്ചാൽ അത് ബിജെപിക്ക്  പ്രതിസന്ധികളുണ്ടാക്കും.

തമിഴ്നാട്ടിലെ രാഷ്ട്രീയസംഭവവികാസങ്ങളിൽ ആദ്യ കരുനീക്കം നടത്തിയത് ഒ പനീർശെൽവമല്ല മറിച്ച്.കേന്ദ്രത്തിലെ ബിജെപി സർക്കാരായിരുന്നു. ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം എന്ന ആവശ്യം ഗവർണ്ണർ തള്ളിയത് കേന്ദ്രത്തിന്റെ അറിവോടെയായിരുന്നു. തമിഴ്നാട്ടിലെ പൊതു മനസ്സിനൊപ്പം നില്ക്കുക, ഒപ്പം അണ്ണാ ഡിഎംകെയിൽ ഒരു ഭിന്നതയ്ക്ക് വഴിവയ്ക്കുക ഇതായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. 

പനീർശെൽവത്തിന് കലാപത്തിന് ഇത് ബലം പകർന്നു. സുപ്രീം കോടതിയിൽ നിന്ന് ശശികലയ്ക്ക് തിരിച്ചടിയേറ്റാൽ പാർട്ടിയിൽ ഭൂരിപക്ഷവും പനീർശെൽവത്തിനു ഒപ്പമെത്തുമെന്നും ബിജെപി കരുതി. എന്നാൽ വീണപ്പോഴും പിടിച്ചുനില്ക്കാനുള്ള രാഷ്ട്രീയ ബുദ്ധി ശശികല കാട്ടി. എംഎൽഎമാരും പാർട്ടിയും ജനവികാരത്തിനൊപ്പം പോയില്ലെന്ന് ഉറപ്പുവരുത്തി. ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ട് ബിജെപി ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാവില്ലെന്ന് ഉറപ്പുനല്കിയതായി അഭ്യൂഹമുണ്ട്. 

എങ്കിലും മുഖ്യമന്ത്രികസേരയിൽ ഇരുന്നു കഴിഞ്ഞാൽ താൻ ശിക്ഷിക്കപ്പെടില്ല എന്നു കരുതിയ ശശികല ഭാവിയിൽ അവസരം നോക്കിയിരിക്കും. ശശികലയുടെ ഭർത്താവ് നടരാജന് കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പവും അവഗണിക്കാനാവില്ല. തല്ക്കാലം കേന്ദ്രത്തെ പിണക്കില്ലെങ്കിലും ജയലളിതയ്ക്ക് പകരം കരുത്തുള്ള ഒരു സുഹൃത്തിനെ കണ്ടെത്താൻ മോദിക്ക് ഈ നീക്കങ്ങളിലൂടെ കഴിഞ്ഞില്ല. നിരവധി ശത്രുക്കളെ സമ്പാദിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ഈ നിയമസഭയിൽ ബിജെപി വിരുദ്ധ ചേരിക്കാണ് മുൻതൂക്കമെങ്കിൽ രാഷ്ടപതി തെരഞ്ഞെടുപ്പിലെ കളികൾ മാറും. ശശികലയ്ക്ക് ഇതേ സ്വാധീനം തുടർന്നാൽ അന്ന് അണ്ണാ ഡിഎംകെ മോദീയുടെ എതിർക്യാംപിലേക്ക് പോകാനുള്ള സാധ്യതകൾ ഈ നീക്കങ്ങൾ തുറന്നിടുന്നു.

 

click me!