പിണറായി സര്‍ക്കാരിന്റെ മാലിന്യസംസ്‌ക്കരണ പദ്ധതികള്‍ പരാജയപ്പെടുന്നു

By Web DeskFirst Published Sep 13, 2016, 1:51 PM IST
Highlights

തിരുവനന്തപുരം: നൂറു ദിവസം പിന്നിട്ട പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി. എന്നാല്‍ കൊട്ടിഘോഷിച്ചും കോടികള്‍ ചെലവാക്കിയും മാലിന്യ സംസ്‌കരണത്തിന് ആവിഷ്‌കരിച്ച പദ്ധതിയൊക്കെ പാതി വഴിയില്‍ നിന്നു പോകുന്നതാണ് സംസ്ഥാനത്തിന്റെ പ്രത്യേകിച്ച് തലസ്ഥാന ജില്ലയുടെ അനുഭവം. ഏറ്റവുമൊടുവില്‍ രണ്ട് വര്‍ഷം മുന്‍പ്  എന്റെ നഗരം സുന്ദര നഗരമെന്ന പേരില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം തുടങ്ങിവച്ച പദ്ധതിയുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

എന്റെ നഗരം, സുന്ദരനഗരം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് 2014 നവംബര്‍ ഒന്നിന് തിരുവനന്തപുരത്തെ പൂജപ്പുര മൈതാനത്ത്. ഒന്നും നടന്നില്ലെന്ന് പറഞ്ഞുകൂടാ. പേരിന് 25 എയ്‌റോബിക് ബിന്നുകള്‍ പൂജപ്പുര മൈതാനത്തുണ്ട്. പാതിയിലേറെയും ഉപയോഗിക്കുന്നില്ല.  

2011 ഡിസംബറില്‍ വിളപ്പില്‍ശാല പൂട്ടിയതോടെയാണ് തലസ്ഥാന നഗരം മാലിന്യ കൂനയായത് . പിന്നീടിങ്ങോട്ട് പലവിധ പദ്ധതികള്‍. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണ ക്യാന്‌പെയിന്‍ തുടങ്ങിയ അന്നുമുതല്‍ തലസ്ഥാന നഗരത്തില്‍ മാത്രം  സ്ഥാപിച്ചത് 235 എയ്‌റോബിക് ബിന്നുകള്‍ .ഓരോന്നിനും ശരാശരി 40000 രൂപ ചെലവ് . ആലപ്പുഴയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതി തിരുവനന്തപുരത്തേക്കെത്തിയപ്പോള്‍ പരാജയമായതെങ്ങനെ?

83000 പൈപ്പ് കന്‌പോസ്റ്റ് യൂണിറ്റുകള്‍, ശരാശരി ചെലവ് 900 രൂപ വീതം. 5000 വീടുകളില്‍ കിച്ചന്‍ ബിന്നുകളുണ്ട്.

50 കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍. രണ്ട് ടണിന്റെ പ്ലാന്റ് ഒന്നിന് ചെലവ് 40  ലക്ഷത്തോളം രൂപ, മുന്‍ സര്‍ക്കാര്‍ രണ്ട് കോടി മുടക്കിയ മൊബൈല്‍ ഇന്‍സിനറേറ്റര്‍ മുതല്‍  ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍ വരെ സംവിധാനങ്ങളെല്ലാം പയറ്റിയിട്ടും ചീഞ്ഞളിഞ്ഞും നീറിപ്പുകഞ്ഞും റോഡരികിലെ മാലിന്യത്തിന് ഒരു കുറവുമില്ല. തലസ്ഥാനത്തുമാത്രമല്ല ചുരുക്കം ചില നല്ല മാതൃകകള്‍  മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്താകെയും  മാലിന്യ സംസ്‌കരണം കീറാമുട്ടിതന്നെ. പകര്‍ച്ച വ്യാധി മുതല്‍ തെരുവുനായ് ശല്യത്തിന് വരെ അടിസ്ഥാനകാരണം മാലിന്യമാണെന്നിരിക്കെ സമഗ്രമാലിന്യസംസ്‌കരണമെന്ന പുതിയ പദ്ധതി പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുകയാണ് പിണറായി സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.

click me!