ഹലാല്‍ ഹായിദ സഹകരണ സംഘം; സിപിഎമ്മിന് മുന്നറിയിപ്പുമായി പിണറായി വിജയന്‍

By Web DeskFirst Published Dec 25, 2017, 10:14 AM IST
Highlights

കണ്ണൂര്‍: റിസർവ്വ് ബാങ്ക് അനുമതി  നിഷേധിച്ചെങ്കിലും സിപിഎം നേതൃത്വത്തിലുള്ള പലിശരഹിത ബാങ്കിംഗ് സംവിധാനമായ ഹലാൽ ഫായിദ കണ്ണൂരിൽ പ്രവർത്തനം തുടങ്ങി.  ഇസ്ലാമിക് ബാങ്കിംഗിന് അനുമതിയില്ലാത്തതിനാൽ സഹകരണ സംഘമായാണ് തുടക്കം. ബാങ്കിംഗ് അനുമതി കാര്യമാക്കാതെ പണം സമാഹരിച്ച് വൻ വ്യവസായ-തൊഴിൽ പ്ലാറ്റ്ഫോമാക്കി ഹലാൽ ഫായിദയെ മാറ്റുകയെന്നതാണ് കാതൽ.  ഇക്കാര്യത്തിൽ കരുതലോടെ നീങ്ങണമെന്ന മുന്നറിയിപ്പ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി നൽകി.

പലിശരഹിത ഇടപാടുകൾക്ക്  മുസ്​ലിം ന്യൂനപക്ഷത്തിനിടയിലടക്കമുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാണ്​ സി.പി.എം കണ്ണൂരിൽ തുടങ്ങിയിരിക്കുന്ന ഹലാൽ ഫായിദ. പ്രധാന ലക്ഷ്യമായ ബാങ്കിംഗ് അനുമതിക്കായി സർക്കാർ സമീപിച്ചെങ്കിലും റിസർവ്വ് ബാങ്ക് അനുമതി നിഷേധിച്ചിരുന്നു.  ഇതോടെ  പലിശരഹിത വായ്പ്പയടക്കമുള്ളവ നൽകാൻ സ്ഥാപനത്തിന് കഴിയില്ല.  ഈ സാഹചര്യത്തിൽ, പലിശരഹിത നിക്ഷേപങ്ങൾ സമാഹരിച്ച്  ആദ്യ ഘട്ടത്തിൽ മാംസ വ്യാപാരമുൾപ്പടെയുള്ള സംരംഭങ്ങളാണ് തുടങ്ങുക.  

രണ്ടു മാസത്തിനുള്ളില്‍ പതിനായിരം അംഗങ്ങളെ ചേര്‍ക്കാനും അഞ്ചുകോടി രൂപ സമാഹരിക്കാനുമാണ് ലക്ഷ്യം.  സിപിഎം നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ സമിതിയാണ് ഹലാൽ ഫായിദയുടെ നേതൃത്വം.  ഡിവൈഎഫ്ഐ നേതാവ് എം ഷാജറാണ് പ്രസിഡന്റ്. അതേസമയം  ഇസ്ലാമിക് ബാങ്ക് പ്രവർത്തനം ന്യൂനപക്ഷ പ്രീണനമാണെന്നാരോപിച്ച്  ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്.

click me!