പതിനേഴുകാരിയുടെ ആത്മഹത്യ; വില്ലന്‍ ഓണ്‍ലൈന്‍ ഗെയിമെന്ന് സംശയം

By Web TeamFirst Published Dec 7, 2018, 1:48 PM IST
Highlights

മുറിയടച്ച് ഏറെ നേരം അകത്തിരിക്കുന്ന ശീലമുണ്ടായിരുന്നതായും ധാരാളം ഗെയിം കളിക്കുമായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു

നാഗ്പൂര്‍: പതിനേഴുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ വില്ലനായത് ഓണ്‍ലൈന്‍ ഗെയിമാണോയെന്ന് സംശയം. ഇക്കഴിഞ്ഞ നാലിനാണ് നാഗ്പൂരിലെ വീട്ടിനകത്ത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

പെണ്‍കുട്ടിയുടെ കൈത്തണ്ടയിലെ എഴുത്താണ് ആദ്യം പൊലീസില്‍ സംശയം ജനിപ്പിച്ചത്. 'പുറത്തുകടക്കാന്‍ ഇവിടെ മുറിക്കുക' എന്നായിരുന്നു മഷിയുപയോഗിച്ച് കൈത്തണ്ടയിലെഴുതിയിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു. 

മുറിയടച്ച് ഏറെ നേരം അകത്തിരിക്കുന്ന ശീലമുണ്ടായിരുന്നതായും ധാരാളം ഗെയിം കളിക്കുമായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. 

ഫൊറന്‍സിക് പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ ലാബിലേക്ക് അയച്ചുവെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഏത് തരം ഗെയിമുകളാണ് പെണ്‍കുട്ടി കളിച്ചിരുന്നതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന കുട്ടി പിന്നീട് പഠനകാര്യങ്ങളില്‍ പിന്നോട്ടുപോയതും സംശയത്തിനുള്ള കാരണമാണെന്ന് പൊലീസ് അറിയിച്ചു.
 

click me!