മഴ കുറഞ്ഞതോടെ പെരിയാറിന്‍റെ കരകളിലും ആശങ്ക ഒഴിയുന്നു

By Web TeamFirst Published Aug 12, 2018, 3:12 PM IST
Highlights

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നത് ഏറെ ആശ്വാസത്തോടെയാണ് പെരിയാറിന്‍റെ ഇരുകരയിലുമുള്ള ജനവാസ കേന്ദ്രങ്ങള്‍ കാണുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഏലൂര്‍, പറവൂര്‍ മേഖലയിലെ ക്യാംപുകള്‍ പിരിച്ചുവിട്ടു.

കൊച്ചി: മഴ കുറഞ്ഞതോടെ പെരിയാറിന്‍റെ കരകളിലും ആശങ്ക ഒഴിയുന്നു. എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ക്യാമ്പുകള്‍ അറുപതായി കുറച്ചു. വീടുകളിലടിഞ്ഞ ചെളി നീക്കം ചെയ്യല്‍ വെല്ലുവിളി.

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നത് ഏറെ ആശ്വാസത്തോടെയാണ് പെരിയാറിന്‍റെ ഇരുകരയിലുമുള്ള ജനവാസ കേന്ദ്രങ്ങള്‍ കാണുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഏലൂര്‍, പറവൂര്‍ മേഖലയിലെ ക്യാംപുകള്‍ പിരിച്ചുവിട്ടു. ഇന്നലെ 67 ക്യാമ്പുകളുണ്ടായിരുന്നത് ഇന്ന് 60 ആയാണ് കുറച്ചത്. വെള്ളപ്പൊക്കത്തില്‍ വന്നടിഞ്ഞ ചെളി നീക്കം ചെയ്യലാണ് വീട്ടിലെത്തുന്നവര്‍ക്കു മുന്നിലുള്ള വെല്ലുവിളി. മാഞ്ഞാലിയിലും എളന്തിക്കരയിലും കുട്ടികളെ ക്യാംപില്‍ നിര്‍ത്തിയാണ് രക്ഷിതാക്കള്‍ വീടു ശുചീകരണത്തിനിറങ്ങിയത്

പലയിടത്തും വീടിനുള്ളില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കക്കൂസുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ചെളിനിറഞ്ഞ് കിണറും മലിനമായി. പറവൂര്‍ താലൂക്കില്‍ കൃഷി നാശവും വ്യാപകമാണ്. ഓണ വിപണി ലക്ഷ്യമിട്ട് വാഴയും പച്ചക്കറികളും കൃഷിചെയ്തവര്‍ പറയുന്നത് വലിയ നഷ്ടത്തിന്‍റെ കണക്ക്.

ജനജീവിതം സാധാരണ നിലയിലേക്ക് എത്തും വരെ ആവശ്യമുള്ള ക്യാംപുകള്‍ തുടരാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സേവനം തദ്ദേശ സ്ഥാപനങ്ങള്‍ തേടിയിട്ടുണ്ട്.
 

click me!