ശബരിമലയില്‍ മതഭ്രാന്ത്; വിധി നടപ്പാക്കണം: മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി

By Web TeamFirst Published Oct 20, 2018, 8:24 AM IST
Highlights

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് മത ഭ്രാന്താണെന്നും പൊലീസിനെ തടയുന്നവരെ മാറ്റി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും മുന്‍ അറ്റോര്‍ണി ജനറലും ഭരണഘടനാ വിദഗ്ദനുമായ സോളി സൊറാബ്ജി. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണ്. 

ദില്ലി: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് മത ഭ്രാന്താണെന്നും പൊലീസിനെ തടയുന്നവരെ മാറ്റി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും മുന്‍ അറ്റോര്‍ണി ജനറലും ഭരണഘടനാ വിദഗ്ദനുമായ സോളി സൊറാബ്ജി. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് തെറ്റായ കീഴ്വഴക്കം രാജ്യത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

 വിധി നടപ്പാക്കിയില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ച്ചയാകുമെന്നതിനാല്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ആക്ടിവിസ്റ്റ്, അല്ലാത്തവര്‍ എന്ന വിവേചനം ഇല്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കി ശബരിമല സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കുന്നതാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് മോശം പ്രതിഛായ ഉണ്ടാക്കും. ബിജെപിയും കോണ്‍ഗ്രസും സുപ്രീംകോടതി വിധിയെ രാഷ്ട്രീയമായി മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിധിക്ക് എതിരെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കിയാല്‍ അത് ഒരു കാരണവശാലും ഭരണഘടനാപരമായി നിലനില്‍ക്കില്ല. വിധി ഭരണഘടനാപരമായ ലിംഗ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവായി ബന്ധപ്പെട്ട ഏതെങ്കിലും വിധികള്‍ക്ക് വിരുദ്ധമായോ മറ്റോ വിധി വന്നാല്‍ മാത്രമേ പുനഃപരിശോധനയ്ക്ക് സാധ്യതയുള്ളൂ. അല്ലാതെടുത്തോളം പുനഃപരിശോധന ഹര്‍ജി പരിഗണിക്കപ്പെടാനുള്ള സാധ്യതകള്‍ കുറവാണെന്നും സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി. ശബരിമലയുടെ കേസില്‍ പുനഃപരിശോധന, തിരുത്തല്‍ ഹര്‍ജി എന്നിങ്ങനെ കാര്യങ്ങള്‍ അനന്തമായി കൊണ്ടുപോകാന്‍ കഴിയില്ല. വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതി ശബരിമലയിലെ പ്രതിഷേധങ്ങളെ ഗൗരവത്തോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും സോളി സൊറാബ്ജി പറഞ്ഞു.

click me!