ജീവനെടുത്ത് വീണ്ടും കൊലയാളി കപ്പൽ; നടന്നത് 2017 ന്റെ തനിയാവര്‍ത്തനം

By Web TeamFirst Published Aug 7, 2018, 12:43 PM IST
Highlights

2017 ജൂണിലുണ്ടായ അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള ഒരു തൊഴിലാളിക്കും ഉത്തരേന്ത്യയിൽ നിന്നുള്ള രണ്ട് പേർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. പുതുവൈപ്പിനിൽ നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ അകലെ കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്ന കർമലമാത എന്ന ബോട്ടിലാണ് ആംബർ എൽ എന്ന കപ്പല്‍ ഇടിച്ചത്

കൊച്ചി: കൊച്ചി പുറംകടലില്‍ ഇന്ന് നടന്നത് 2017 ജൂണില്‍ നടന്ന അപകടത്തിന് സമാനമായ സംഭവം. പുലര്‍ച്ചെ നടന്ന അപകടത്തിന് ശേഷം ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയതാണ്  മരണസംഖ്യ കൂടാന്‍ കാരണമായത്.  2017 ജൂണിലുണ്ടായ അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള ഒരു തൊഴിലാളിക്കും ഉത്തരേന്ത്യയിൽ നിന്നുള്ള രണ്ട് പേർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. പുതുവൈപ്പിനിൽ നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ അകലെ കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്ന കർമലമാത എന്ന ബോട്ടിലാണ് ആംബർ എൽ എന്ന കപ്പല്‍ അന്ന് ഇടിച്ചത്. 

തമിഴ്നാട്ടിൽ നിന്നുള്ള 12 പേരും  2 ഉത്തരേന്ത്യൻ സ്വദേശികളും അന്ന് ബോട്ടിലുണ്ടായിരുന്നു. രാത്രി 11 മണിയോടെ ബോട്ട് ആങ്കർ ചെയ്ത് തൊഴിലാളികൾ ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു  അപകടമുണ്ടായത്. എന്നാല്‍ കപ്പലുകളുടെയും മറ്റ് ബോട്ടുകളുടെയും ശ്രദ്ധകിട്ടാൻ ലൈറ്റുകൾ തെളിയിച്ച ശേഷമാണ് ഉറങ്ങിയതെന്ന് രക്ഷപെട്ട മല്‍സ്യത്തൊഴിലാളികള്‍  പറയുന്നു. 

അതിരാവിലെ രണ്ട് മണിയോടെ വൻശബ്ദം കേട്ട് ഉണർന്ന തൊഴിലാളികൾ തങ്ങളുടെ ബോട്ടില്‍ വലിയ കപ്പൽ ഇടിച്ചെന്ന് മനസ്സിലാക്കുകയായിരുന്നു. ഇടിച്ച കപ്പൽ വേഗത കുറച്ച ശേഷം നിർത്താതെ കടന്നുകളയുകയാണുണ്ടായത്. ജീവന്‍ രക്ഷിക്കാന്‍ പൊളിഞ്ഞ ബോട്ടിന്റെ പല ഭാഗങ്ങളിലായി രണ്ട് മണിക്കൂറിലധികമാണ് തൊഴിലാളികൾ തൂങ്ങിക്കിടന്നത്. എന്നാല്‍ മൂന്ന് പേർക്ക് ഇതിനിടയിൽ പിടിവിട്ടുപോയി. 2 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന സെന്റ് ആന്റണിയെന്ന ബോട്ടാണ് അന്ന് ബാക്കിയുള്ളവരുടെ രക്ഷക്കെത്തിയത്.  

ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തൂങ്ങിക്കിടന്ന 11 പേരെയും രാവിലെ നാലേ കാലോടെ  ഈ ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തന ബോട്ടുകാർ അറിയിച്ചപ്പോഴാണ് ഇന്ത്യൻ അധികൃതർ കടലിലുണ്ടായ അപകടം അറിഞ്ഞത് . പിന്നീട് ഇന്ത്യൻ തീരസംരക്ഷണ സേനയും നാവിക സേനയും തെരച്ചിൽ ആരംഭിച്ചു. 

പിറ്റേന്ന് പകലാണ് ഇസ്രായേലിൽ നിന്ന് ചരക്കുമായെത്തിയ ആംബർ എൽ എന്ന കപ്പൽ അധികൃതരുടെ ശ്രദ്ധയിലെത്തിയത്.  അപകട സമയത്ത് അതേ പ്രദേശത്ത് ആംബർ എൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇന്ത്യൻ സേനകൾക്കായത് സംഭവത്തില്‍ നിര്‍ണായകമായി. ഇതേ കപ്പലിന്റെ മുൻഭാഗത്ത് ബോട്ടിലിടിച്ചതിന്റെ പാടുകൾ കണ്ടെത്താനും ഇന്ത്യൻ ഏജൻസികൾക്ക് കഴിഞ്ഞിരുന്നു.

ആംബർ എൽ കപ്പലിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് പല വീഴ്ചകൾ ഉണ്ടായിരുന്നു. ഇടിച്ച ബോട്ടിലെ ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തിയില്ലെന്നതാണ് ഏറ്റവും ഗുരുതരമായി അന്ന് വിലയിരുത്തിയത്. കൂടാതെ അപകടം നടന്ന വിവരം ഇന്ത്യൻ ഏജൻസികളെ അറിയിക്കാനും കപ്പൽ ജീവനക്കാർ തയ്യാറായിരുന്നില്ല.

ഇന്ന് നടന്നതും സമാനമായ സംഭവമാണ്. ഇന്ത്യൻ സമുദ്രാതിർത്തിയിൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. രാജ്യാന്തര നിയമങ്ങൾ, കടലിലെ അധികാര പരിധികൾ എന്നിങ്ങനെ പല പഴുതുകളിലൂടെ കുറ്റക്കാർ രക്ഷപ്പെടുകയാണ് പതിവ് . ഇത് തന്നെയാണ് അപകടം ഉണ്ടാക്കിയ ശേഷം ഒരു കൂസലുമില്ലാതെ കടന്നുകളയാൻ കപ്പൽ ജീവനക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

click me!