Latest Videos

ദല്‍വീര്‍ ഭണ്ഡാരിയുടെ വിജയം സുഷമ സ്വരാജിന്റെ ഇടപെടലിന് പിന്നാലെ

By Web DeskFirst Published Nov 22, 2017, 11:26 AM IST
Highlights

ന്യൂയോര്‍ക്ക്: രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര നീതിന്യായ കോടതി(ഐസിജെ) ന്യായാധിപനായി സ്ഥാനത്തേക്ക് ഇന്ത്യക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നയതന്ത്ര ഇടപെടലിന് ഒടുവില്‍. ബ്രിട്ടനുമായുള്ള ശക്തമായ പോരാട്ടത്തിനും വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവില്‍, മത്സരത്തില്‍ ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് 70 കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമാവുന്നത്. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇതിനായി 60 ഫോണ്‍കോളുകളാണ് വിദേശരാജ്യങ്ങളിലെ വകുപ്പ് മന്ത്രിമാരുമായി സുഷമ നടത്തിയത്. എല്ലാവരും ഇന്ത്യയ്ക്ക് അനൂകൂല നിലപാടാണ് സ്വീകരിച്ചതിന് സുഷമയുടെ നയതന്ത്ര ഇടപാട് വിജയിക്കുകയും ചെയ്തു. സുഷമയ്ക്കു പിന്നില്‍ ഉറച്ചു നിന്ന വിദേശകാര്യ സഹമന്ത്രി എം.കെ അക്ബറും സെക്രട്ടറി എസ് ജയശങ്കറും ശ്രദ്ധ നേടി. ദണ്ഡരി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച് ജയശങ്കര്‍ നന്ദി രേഖപ്പെടുത്തി. 

ഇന്നലെയായിരുന്നു എസിജെയില്‍ ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ സ്ഥാനാര്‍ത്ഥി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരത്തിന്റെ പന്ത്രണ്ടാം റൗണ്ട് വോട്ടെടുപ്പിന് തൊട്ടുമുന്‍പ് നാടകീയമായി പിന്‍വലിച്ചതോടെയാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. യുഎന്‍ പൊതുസഭായില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡിനെ ബ്രിട്ടന്‍ പിന്‍വലിച്ചത്. യുഎന്‍ പൊതുസഭയില്‍ 11 റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 193ല്‍ 183 വോട്ടും രക്ഷാസമിതിയിലെ എല്ലാ വോട്ടുകളും (15) നേടിയാണു ഭണ്ഡാരി വിജയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി 1945 സ്ഥാപിതമായതിനായതിന് ശേഷം ആദ്യമായാണ് ബ്രിട്ടീഷുകാരനില്ലാത്ത ബെഞ്ച് തിരഞ്ഞെടുക്കപ്പെടുന്നത്. 

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവര്‍ മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന്റെ ഗ്രീന്‍വുഡിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഗ്രീന്‍വുഡ് പിന്‍മാറുന്ന കാര്യം ബ്രിട്ടന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മാത്യു റൈക്രോഫ്റ്റ് പൊതുസഭയുടെയും രക്ഷാസമിതിയുടെയും അധ്യക്ഷന്മാരെ എഴുതി അറിയിച്ചിരുന്നു. ഗ്രീന്‍വുഡ് പിന്മാറിയെങ്കിലും നേരത്തേ നിശ്ചയിച്ചതുപോലെ വോട്ടിങ് നടന്നു. തെരഞ്ഞെടുപ്പിനായി യുഎന്‍ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടന്‍ രംഗത്തുവന്നതിനെ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തിരുന്നു. 

പൊതുസഭയില്‍നിന്നും രക്ഷാസമിതിയില്‍നിന്നും മൂന്നുപേര്‍ വീതം ഉള്‍പ്പെട്ട സമിതിയുണ്ടാക്കി ജഡ്ജിയെ അവര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. ഈ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന പേരു പിന്നീടു പൊതുസഭയും രക്ഷാസമിതിയും അംഗീകരിക്കണം. പല റൗണ്ട് വോട്ടെടുപ്പുകളിലും തീരുമാനമുണ്ടാകാത്ത സാഹചര്യമുണ്ടായാല്‍, പൊതുസഭയിലെ വോട്ടെടുപ്പില്‍ തുടര്‍ച്ചയായി മുന്നിട്ടുനില്‍ക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതാണു കീഴ്‌വഴക്കം. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരി ജയിക്കും. ഈ സാഹചര്യം ഒഴിവാക്കി നാണക്കേടില്‍നിന്നു രക്ഷപ്പെടാനാണു ബ്രിട്ടന്‍ ശ്രമം നടത്തിയത്. പിന്നീട്, പല കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നു ഗ്രീന്‍വുഡ് പിന്മാറുകയായിരുന്നു.


 

click me!