കേരളത്തിന്‍റെ പൊതുസ്വത്തായ ശബരിമല അടച്ചിടാൻ തന്ത്രിയ്ക്ക് എന്ത് അധികാരം? മുഖ്യമന്ത്രി

By Web TeamFirst Published Oct 23, 2018, 12:05 PM IST
Highlights

ശബരിമലയിൽ ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിയ്ക്കാൻ തന്ത്രിയ്ക്ക് ഒരവകാശവുമില്ലെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ചെയ്തത് അംഗീകരിയ്ക്കാനാകില്ല. ക്ഷേത്രം തുറന്നുവയ്ക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വംബോർഡിനാണ്. 1949 ലെ കവനന്‍റ് അനുസരിച്ച് പന്തളം രാജകുടുംബത്തിന് ശബരിമലയിൽ ഒരവകാശവുമില്ലെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ച് താക്കോൽ നൽകി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ശബരിമല ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോർഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികൾ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ ശബരിമലയിൽ ചെലവഴിച്ചത് 302 കോടി രൂപയാണ്. ദേവസ്വംബോർഡിന്‍റെ പണം സർക്കാർ എടുക്കുന്നു എന്ന അസത്യപ്രചാരണമുള്ളതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നത്. ക്ഷേത്രം ആരുടെ സ്വത്താണ്? ക്ഷേത്രം ദേവസ്വംബോർഡിന്‍റെയാണ്. അതിൽ മറ്റാർക്കും അവകാശമില്ല എന്നതാണ് സത്യം.

1949 ലെ കവനന്‍റ് അനുസരിച്ച് അവകാശമുണ്ടെന്ന് ചിലർ പറയുന്നു. ആ കവനന്‍റ് പ്രകാരം തിരുവിതാകൂർ കൊച്ചി രാജാക്കൻമാരും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വി.പി.മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ പറയുന്നത്. ഒന്ന് തിരുക്കൊച്ചി ലയനം. തിരുവിതാംകൂറിന് കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലും കൊച്ചി രാജാവിന് കീഴിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരണം എന്നതാണ് അതിലെ പ്രധാന വ്യവസ്ഥ. പന്തളം രാജാവ് ഇതിൽ കക്ഷിയായിരുന്നില്ല. പന്തളം രാജാവ് അധികാരം തിരുവിതാംകൂർ രാജാവിന് നേരത്തെ അടിയറ വച്ചിരുന്നു. ശബരിമലയിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. പന്തളം രാജകുടുംബത്തിന് ഇത്തരം അധികാരങ്ങൾ പണ്ട് മുതൽത്തന്നെ ഇല്ലാതായതായി കാണാൻ കഴിയും. ആദ്യം തിരുവിതാംകൂർ രാജാവിന്‍റെയും, പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തിന്‍റെയും സ്വത്തായിരുന്ന ശബരിമല പിന്നീട് ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന്‍റെ സ്വത്തായി മാറുകയായിരുന്നു. പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ഭരിയ്ക്കാൻ രൂപീകരിച്ച ദേവസ്വംബോർഡിന്‍റെ കീഴിലായി ശബരിമല. അങ്ങനെ നോക്കിയാൽ ശബരിമലയുടെ നിയമപരമായ അവകാശി ദേവസ്വംബോർഡ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

click me!