ശബരിമല യുവതീ പ്രവേശനം: ഇന്ന് നിർണായകദിനം; റിട്ട്, റിവ്യൂ ഹര്‍ജികൾ സുപ്രീംകോടതിയിൽ

By Web TeamFirst Published Nov 13, 2018, 6:12 AM IST
Highlights

ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികൾ ഇന്ന്  സുപ്രീംകോടതിയിൽ. രാവിലെ 11 മണിയ്ക്ക് റിട്ട് ഹർ‍ജികളും, വൈകിട്ട് മൂന്ന് മണിയ്ക്ക് റിവ്യൂ ഹർജികളും പരിഗണിയ്ക്കും.
 

ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികൾ ഇന്ന്  സുപ്രീംകോടതിയിൽ. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ്  പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 48 പുനഃപരിശോധന ഹര്‍ജികളാണ് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികൾ. കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികൾ ആവശ്യപ്പെടുന്നു. 

ഭരണഘടന ബെഞ്ചിന‍്റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും 14-ാം അനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളിൽ പറയുന്നുണ്ട്. ഹര്‍ജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.  ഭരണഘടനാ ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി‍ എന്ത് നിലപാട് എടുത്താലും എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയിൽ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും. 

പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട് ഹര്‍ജികളിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികൾ നിലനിൽക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ  ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്തേക്കാം. മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികൾ.

ഇന്ന് സുപ്രീംകോടതിയിൽ എന്ത് സംഭവിക്കും? ‍ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ‍ർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശവും ചീഫ് റിപ്പോർട്ടർ പി.ആർ.സുനിലും സാധ്യതകൾ വിലയിരുത്തുന്നു: വീഡിയോ കാണാം.

click me!