'യുവതികളായ മാധ്യമപ്രവര്‍ത്തകരെ ശബരിമല റിപ്പോര്‍ട്ടിംഗിന് അയക്കരുത്'; മാധ്യമങ്ങള്‍ക്ക് കര്‍മ്മസമിതിയുടെ കത്ത്

By Web TeamFirst Published Nov 4, 2018, 3:27 PM IST
Highlights

'വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട് മൂലമാണുണ്ടാകുന്നത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്'

കൊച്ചി: ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശബരിമല കര്‍മ്മസിമിതിയുടെ കത്ത്. കോടിക്കക്കിന് ഭക്തരുടെ വികാരം മാനിച്ച് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നാണ് കര്‍മ്മസമിതി ആവശ്യപ്പെടുന്നത്. 

'വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട് മൂലമാണുണ്ടാകുന്നത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ വന്ന പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുകയാണ്, ഈ സാഹചര്യത്തില്‍  ഭക്തര്‍ക്കൊപ്പം നില്‍ക്കുകയോ നില്‍ക്കാതിരിക്കുകയോ ആകാം എന്നാല്‍ പ്രതിഷേധങ്ങളെ മനസ്സിലാക്കി, അതിനനുസരിച്ച് പ്രവര്‍ത്തിക്കണം'- കര്‍മ്മസമിതി കത്തില്‍ വ്യക്തമാക്കി. 

കോടിക്കണക്കിന് വരുന്ന ഭക്തരുടെ വികാരം മാനിച്ച് യുവതികളായ മാധ്യമപ്രവര്‍ത്തകരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നുവെന്നും സൂചിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്. കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറിന്റെ പേരിലാണ് കത്ത്.
 

click me!