നികുതി വരുമാനത്തില്‍ വര്‍ദ്ധന-അരുണ്‍ ജെയ്റ്റ്‌ലി

By Web DeskFirst Published Jan 9, 2017, 8:08 AM IST
Highlights

 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 16വരെയുള്ള നികുതി വരുമാനത്തിന്റെ കണക്കുകളാണ് കേന്ദ്ര ധനമന്ത്രി പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യക്ഷ നികുതിയില്‍ വരുമാനത്തില്‍ 12 ശതമാനത്തിന്റെയും പരോക്ഷ നികുതി വരുമാനത്തില്‍ 25 ശതമാനത്തിന്റെയും വര്‍ദ്ധനയുണ്ടായതായി ധനമന്ത്രി പറഞ്ഞു. എക്‌സൈസ് തീരുവയില്‍ നിന്നുള്ള വരുമാനത്തില്‍ ഡിസംബര്‍ മാസത്തില്‍ മാത്രം 31.6 ശതമാനം വര്‍ദ്ധനയുണ്ടായി. സേവന നികുതിവരുമാനം 12.4 ശതമാനം കൂടിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

അതിനിടെ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 93.5 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്കിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.അസാധുവാക്കിയ 15 ലക്ഷം കോടി രൂപയില്‍ 75,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താതിരുന്നത്.  അസാധു നോട്ടുകളുടെ 20 ശതമാനം അഥവാ മൂന്ന് ലക്ഷം കോടി രൂപ ബാങ്കുകളിലെത്തില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷ തെറ്റിക്കുന്നതാണ് പുതിയ കണക്കുകള്‍. 

പത്ത് ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിച്ചുവെന്നാണ് ആര്‍ബിഐയുടെ കണക്ക്.  രണ്ടാഴ്ചയ്ക്കകം രണ്ടരലക്ഷം കോടി രൂപ കൂടി വിതരണം ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  പൊതുജനങ്ങളില്‍ നിന്നും പെട്രോള്‍ പമ്പുടമകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വെള്ളിയാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്ന് പറഞ്ഞ പെട്രോളിയം മന്ത്രി ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

click me!