ഇനി സര്‍ക്കാര്‍ കനിയണം; ജീവിതത്തിന്റെ വറചട്ടിയില്‍ നിന്ന് ഇവര്‍ക്ക് കരകയറാന്‍

By സുധീഷ് പുങ്ങംചാല്‍First Published Apr 14, 2018, 10:53 AM IST
Highlights
  • ഓരോ തൊഴിലാളികളും മാസം 125 രൂപ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. സ്വര്‍ണ്ണാഭരണങ്ങളും മറ്റും വിറ്റും പണയം വച്ചുമാണ് ബാങ്കിലെ കടം തീര്‍ത്തത്.

കാസര്‍കോട്: ഉത്തരമലബാറിലെ ഗ്രാമങ്ങളില്‍ വിഷുവിന് മുമ്പ് മണ്‍കലവുമായി എത്തിയിരുന്ന സ്ത്രീകള്‍ ഇന്ന് ഓര്‍മ്മയുടെ വക്കില്‍ ക്ലാവുപിടിച്ചു കിടക്കുന്നു. മുമ്പ് ഗ്രാമത്തിന്റെ ഇടവഴികളില്‍ തലച്ചുമടായി വിവിധ കറിക്കലങ്ങളുമായി പോകുന്ന സ്ത്രീകള്‍ വിഷുവിന്റെ വരവറിയിക്കുന്ന പതിവ് കാഴ്ച്ചകളായിരുന്നു. 

എന്നാല്‍ ഇന്ന് ആ ഗ്രാമകാഴ്ച്ചകള്‍ വേദനിക്കുന്ന ഓര്‍മ്മകളാണ്, കുറഞ്ഞത് കാസര്‍കോട് ജില്ലയിലെ എരിക്കുളം ഗ്രാമത്തിനെങ്കിലും. എരിക്കുളത്തെ മണ്‍പാത്ര നിര്‍മ്മാണത്തൊഴിലാളികളുടെ വനിതാ കൂട്ടായ്മയ്ക്ക് ഇന്ന് നിവര്‍ന്ന് നില്‍ക്കാന്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് വേണം. 20 സ്ത്രീ തൊഴിലാളികള്‍ തുടങ്ങിയ ജില്ലയിലെ ഏക വനിതാ മണ്‍പാത്ര നിര്‍മ്മാണ സംരംഭമാണ് നിലനില്‍പ്പിനായി പാടുപെടുന്നത്. 

ബാങ്ക് വായ്പയെടുത്താണ് ഇവര്‍ പോട്ടറി സെന്റര്‍ ആരംഭിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്തതാണ് ഇന്ന് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ സര്‍ക്കാര്‍ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് പോട്ടറി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നികുതിയും അടയ്ക്കുന്നുണ്ട്. ഈ ഭൂമി സര്‍ക്കാര്‍ പതിച്ച് നല്‍കിയാല്‍ മാത്രമേ ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഈ കുടുംബങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് പോട്ടറി സെന്റര്‍. മന്ത്രി ഇ.ചന്ദ്രശേഖരനും കളക്ടര്‍ കെ.ജീവന്‍ ബാബുവിനും ഇവര്‍ ഇത് സംബന്ധിച്ചുള്ള നിവേദനം നല്‍കി. 

1984 ല്‍ ഐ.ആര്‍.ഡി.പി.യില്‍ ഉള്‍പ്പെടുത്തി ബാങ്കില്‍ നിന്നും ഒരാള്‍ക്ക് ആറായിരം രൂപ ലോണ്‍ എടുത്താണ് എരിക്കുളം പോര്‍ട്ടറി സെന്ററിനായി കെട്ടിടവും ചൂളയുമെല്ലാം നിര്‍മ്മിച്ചത്. ആ സമയത്ത് ഒരു തൊഴിലാളിക്ക് 17 രൂപ ദിവസ വേതനത്തിലാണ് സ്ത്രീകള്‍ ജോലി ചെയ്തിരുന്നത്. ആ കാലത്ത് പൂച്ചെട്ടിയുമായി പോയ ലോറി മറിഞ്ഞും, രണ്ട് മൂന്ന് തവണ ചൂളയില്‍ വച്ച പാത്രങ്ങള്‍ തകര്‍ന്നും വന്‍ നാശനഷ്ടവും ഉണ്ടായി. ഇത് പോട്ടറി സെന്ററിന്റെ പ്രവര്‍ത്തനം മുടങ്ങുന്നതിലേക്ക് നയിച്ചു. 

ഇതിനിടയില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നു തുടങ്ങി. എന്നാല്‍ കളക്ടറും മറ്റും ഇടപെട്ടതിന്റെ ഫലമായി ഗഡുക്കളായി ലോണ്‍ തിരിച്ചടയ്ക്കാനുള്ള സൗകര്യമൊരുങ്ങി. ഓരോ തൊഴിലാളികളും മാസം 125 രൂപ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. സ്വര്‍ണ്ണാഭരണങ്ങളും മറ്റും  വിറ്റും പണയം വച്ചുമാണ് ബാങ്കിലെ കടം തീര്‍ത്തത്.

സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്നും ഇവര്‍ക്ക് കരകയറാനാകൂ. പോട്ടറി സെന്ററിന്റെ പേരിലേക്ക് സ്ഥലം പതിച്ച് നല്‍കിയാല്‍ വായ്പ്പകള്‍ എടുക്കാം. ഇല്ലെങ്കില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും സഹായിച്ചാല്‍ മാത്രമേ 20 അംഗ വനിതാ കൂട്ടായ്മയും അവരുടെ കുടുംബങ്ങളും രക്ഷപ്പെടുമെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ടി.വി. കമലാക്ഷിയും കെ. സാവിത്രിയും പറയുന്നു.

കാസര്‍കോട് ജില്ലയിലെ കുശവ സമുദായ ക്കാരാണ് എരികുളത്തെ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍. 180 കുടുംബങ്ങളിലായി 944 പേരുള്ള ഇവിടെ 700 പേരും മണ്‍പാത്ര നിര്‍മ്മാണ ജോലി ചെയ്യുന്നവരാണ്. സ്ത്രീകളാണ് അധികവും. എരിക്കുളം മണ്‍പാത്രത്തിന് മാര്‍ക്കറ്റില്‍ വന്‍ഡിമാന്റാണ്. കറിച്ചട്ടി, കഞ്ഞിക്കലം, കൂജ തുടങ്ങി ഉത്തരകേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലേക്കുമുള്ള മണ്‍പാത്രങ്ങളും ഇവിടെ നിന്നുണ്ടാക്കുന്നു. 

വിഷുക്കാലത്താണ് എരിക്കുളം കലത്തിന് ആവശ്യക്കാരേറുന്നത്. എല്ലാവര്‍ഷവും മേടമാസം രണ്ടാം തീയ്യതി എരിക്കുളം വയലില്‍ നിന്നും കുഴിച്ചെടുക്കുന്ന കളിമണ്ണ് ഉപയോഗിച്ചാണ് കലം നിര്‍മ്മാണം. ഒരുതവണ മാത്രം ശേഖരിക്കുന്ന മണ്ണ് അവരവരുടെ വീടുകള്‍ക്ക് മുന്നിലെ പ്രത്യേകം തയ്യാറാക്കുന്ന കുഴിയിലാണ് സൂക്ഷിക്കുന്നത്. ശാസ്ത്രീയമായി ഒരു പുരോഗമനവും മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് കിട്ടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

click me!