കൊടിയത്തൂർ ഷഹീദ് ബാവ കൊലക്കേസ് ; ഒന്നാം പ്രതിയെ അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

By Web TeamFirst Published Sep 26, 2019, 3:37 PM IST
Highlights

വിധി കേരളത്തിലെ ആദ്യ സദാചാരക്കൊലപാതങ്ങളിൽ ഒന്നിൽ. 2012 നവംബർ ഒമ്പതിന് രാത്രിയാണ് ഒരു സംഘം ഷഹീദ്  ബാവയെ നിഷ്ഠൂരമായി തല്ലിച്ചതച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഹീദ് ബാവയെ കല്ലെറിഞ്ഞു വീഴ്ത്തി പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിയിട്ടായിരുന്നു മർദനം.കരിങ്കല്ല് കൊണ്ടും കമ്പിപ്പാര കൊണ്ടുമുള്ള ക്രൂരമർദനത്തിനാണ് ആ രാത്രിയിൽ ഷഹീദ് ബാവ ഇരയായത്.

കൊച്ചി : കോളിളക്കമുണ്ടാക്കിയ കൊടിയത്തൂര്‍ ഷഹീദ് ബാവ സദാചാരക്കൊലക്കേസില്‍ ഒന്നാം പ്രതിയടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സെഷന്‍സ് കോടതിവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്.ഒന്നാം പ്രതി അബ്ദുൾ റഹ്മാൻ, നാലാം പ്രതി  അബ്ദുൾ നാസർ, എട്ടാം പ്രതി റാഷിദ് എന്നിവരെയാണ് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.

ആകെ പതിനാല് പ്രതികളുള്ള കേസില്‍ നേരത്തെ വിചാരണക്കോടതി 5 പേരെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതി വിധിയോടെ കേസില്‍  ഇതു വരെ വെറുതെ വിട്ടവരുടെ എണ്ണം 8 ആയി. അതേ സമയം ആറ് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വച്ചു. മൂന്നാം പ്രതി അബ്ദുൽ കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്പതാം പ്രതി ഹിജാസ് റഹ്മാമാൻ, പത്താം പ്രതി മുഹമ്മദ് ജംഷീർ, പതിനൊന്നാം പ്രതി ഷാഹുൽ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ എ.എം.ഷെഫീഖ്, എൻ.അനിൽ കുമാർ എന്നിവരടങ്ങിയ ബെഞ്ച് ശരി വച്ചത്.

2012 നവംബർ ഒമ്പതിന് രാത്രിയാണ് ഒരു സംഘം കൊടിയത്തൂർ ചുള്ളിക്കാപ്പറമ്പ്  കൊടുപുറത്ത് തേലേരി ഷഹീദ്  ബാവയെ നിഷ്ഠൂരമായി തല്ലിച്ചതച്ചത്. പതിനഞ്ചോളം വരുന്ന സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഹീദ് ബാവയെ കല്ലെറിഞ്ഞു വീഴ്ത്തി പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിയിട്ടായിരുന്നു മർദനം. കരിങ്കല്ല് കൊണ്ടും കമ്പിപ്പാര കൊണ്ടുമുള്ള ക്രൂരമർദനത്തിനാണ് ആ രാത്രിയിൽ ഷഹീദ് ബാവയെന്ന ഇരുപത്തിയാറുകാരൻ ഇരയായത്.കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഷഹീദ് ബാവ നാലാം ദിവസം മരണത്തിന് കീഴടങ്ങി. കേരളത്തിലെ ആദ്യ സദാചാരക്കൊലപാതങ്ങളിൽ ഒന്നായിരുന്നു ഷഹീദ് ബാവയുടേത്.


 

click me!