കുടിവെള്ള ക്ഷാമം രൂക്ഷം; താളം തെറ്റിയ പദ്ധതികളുമായി ജലവകുപ്പ്

By web deskFirst Published Jan 27, 2018, 7:28 PM IST
Highlights

കാസര്‍കോട്: വേനല്‍ ചൂടിന് കാഠിന്യമേറുകയും മിക്കയിടത്തും കുടിവെള്ള ക്ഷാമവും രൂക്ഷമായി വരുമ്പോള്‍ ഇത് പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ജലനിധി പദ്ധതി മിക്കയിടത്തും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലും വേണ്ട ജാഗ്രത പുലര്‍ത്താതെ ഇപ്പോഴും പദ്ധതി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് അധികൃതര്‍. തുടങ്ങിവച്ച പദ്ധതികള്‍ തന്നെ പ്രാവര്‍ത്തികമാക്കാതെ മറ്റ് ഇടങ്ങില്‍കൂടി നടപ്പാക്കാനുള്ള വ്യഗ്രത നാട്ടുകാരിലും ആശങ്കപരത്തുന്നു. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍, കരിന്തളം, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം, ബേളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണ പദ്ധതിയുടെ കോടികള്‍ വിലവരുന്ന മോട്ടോര്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. 

ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ മാത്രം കുടിവെള്ള വിതരണത്തിനായി മണ്ണിനടിയില്‍കൂടി ചെറുതും വലുതുമായ ഒന്നിലേറെ പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതും റോഡ് വെട്ടിപ്പൊളിച്ചും നാടാകെ അലങ്കോലമാക്കിയുമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ചില പഞ്ചായത്തുകളില്‍ പട്ടികജാതി ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കിയിരുന്ന കുടിവെള്ള പദ്ധതി കൂടുതല്‍ പേര്‍ക്ക് വെള്ളം എത്തിക്കാനായി ജലനിധി ഏറ്റെടുക്കുകയായിരുന്നു. 

ചുരുങ്ങിയത്  60-ല്‍ അധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2014-ലാണ് ആരംഭിച്ചത്. അത് പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെയും ഗുണഭോക്താക്കള്‍ക്ക് അതിന്റെ ഒരു നേട്ടവും ലഭിച്ചിട്ടില്ല. തുടങ്ങിയിട്ട് ഒരുമാസം കഴിയുമ്പോഴേക്കും വെള്ളം വറ്റും. ഉദ്യോഗസ്ഥതലത്തില്‍ കാര്യക്ഷമമായ ഇടപെടലോ മുന്നൊരുക്കങ്ങളോ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 

ചിലയിടത്ത് കുഴല്‍ കിണര്‍ കുഴിച്ചും മറ്റുചിലയിടത്ത് പുഴ വക്കില്‍ കുളംകുത്തിയുമാണ് പദ്ധതിക്കാവശ്യമായ വെള്ളം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ വെള്ളം പൈപ്പുകളില്‍ നിറയാന്‍ മാത്രമേ കാണുകയുള്ളു. എന്നാല്‍ പമ്പ് ചെയ്യേണ്ട മോട്ടറും അനുബന്ധ സമാഗ്രികളുമെത്തിക്കാന്‍ വൈകുന്നത് ചില സ്ഥലങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വൈകി. ചിലയിടത്ത് ശക്തി കുറഞ്ഞ മോട്ടര്‍ സ്ഥാപിച്ചെങ്കിലും അത് ഉപയോഗപ്രദമായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ജലനിധിയിലെ വെള്ളവും വറ്റും. കുഴല്‍ കിണറില്‍ പോലും വെള്ളം വറ്റുമ്പോള്‍ ഓരോ വര്‍ഷവും കോടികളാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവെക്കുന്നത്. 

നാട് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ താളം തെറ്റുന്ന പദ്ധതികള്‍ക്കാണ് ഉദ്യോഗസ്ഥര്‍ പച്ചകൊടി കാട്ടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടങ്ങിയവച്ച പദ്ധതികള്‍ തന്നെ നിലവില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനിയുള്ളവയുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. 

click me!