ഇന്നത്തെ വാർത്താദിനം പ്രതീക്ഷിക്കുന്ന പ്രധാന സംഭവങ്ങൾ, അറിയിപ്പുകൾ - ഇന്നറിയാൻ

By Web TeamFirst Published Aug 7, 2020, 7:08 AM IST
Highlights

ഇന്നത്തെ ദിവസം പ്രതീക്ഷിക്കേണ്ടുന്ന പ്രധാനസംഭവവികാസങ്ങൾ, അറിയിപ്പുകൾ, പ്രധാനവാർത്തകൾ എന്നിവയെല്ലാം ഒറ്റനോട്ടത്തിൽ അറിയാം.

ഇന്നത്തെ ദിവസം പ്രതീക്ഷിക്കേണ്ടുന്ന പ്രധാനസംഭവവികാസങ്ങൾ, അറിയിപ്പുകൾ, പ്രധാനവാർത്തകൾ എന്നിവയെല്ലാം ഒറ്റനോട്ടത്തിൽ അറിയാം.

സ്വപ്ന സുരേഷിന്‍റെ ജാമ്യഹർജി ഇന്ന്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പതിനഞ്ച് ദിവസം കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വെച്ച് ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്ന ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം, സ്വപ്ന അധികാര കേന്ദ്രങ്ങളിൽ വൻ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇവർ‍ പുറത്തു പോയാൽ കേസ് അട്ടിമറിക്കനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസും കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ എൻഐഎ കോടതിയിൽ സ്വപ്ന കൊടുത്ത ജാമ്യ ഹർജി വാദം കേട്ട് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന റമീസ് ഷഫീഖ്, ഷറഫുദ്ദീൻ എന്നിവരെ ഇന്ന് എൻഐഎയെ കോടതിയിൽ ഹാജരാക്കും.

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ് ഇന്ന്

ജലന്ധര്‍ രൂപതാ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് ബാധിച്ചതിനാലാണ് ഫ്രാങ്കോ മുളയ്ക്കലിന് കഴിഞ്ഞ തവണ ഹാജരാകാൻ സാധിക്കാത്തതെന്ന് പ്രതിഭാഗം ഇന്ന് കോടതിയെ അറിയിക്കും. കോട്ടയം എസ്പിയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.

തുടര്‍ച്ചായി ഹാജരാകാത്തതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം റദ്ദാക്കി വിചാരണ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കോലഞ്ചേരി ബലാത്സംഗക്കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന്

കോലഞ്ചേരി ബലാത്സംഗ കേസിലെ പ്രതികള്‍ക്കായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പ്രതികളായ മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. 75-കാരിയെ ഷാഫി പീ‍ഡിപ്പിച്ചതിന് പിന്നാലെ മനോജ് ആയുധം ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.

കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വൃദ്ധയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കൊവിഡ് വ്യാപനം ഗുരുതരമാകുന്നതിലെ ആശങ്ക ചർച്ചയാകും. പൊലീസിന് കൊവിഡ് ചുമതല നൽകിയതടക്കം കർമ്മ പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിക്കും. പിഎസ്‍സി നിയമനങ്ങളിലെ വീഴ്ചയിൽ യുവാക്കളുടെ പ്രതിഷേധം ശക്തമാകുന്നതും ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. നിയമനവീഴ്ചകൾ പരിഹരിക്കുന്നതും പാർട്ടി തലത്തിലെ ബദൽ പ്രചാരണവും യോഗത്തിൽ ചർച്ചയാകും. നാളെ എൽഡിഎഫ് യോഗം ചേരാനിരിക്കെ എൽജെഡിക്ക് രാജ്യസഭാ സീറ്റ് നൽകാനുള്ള തീരുമാനത്തിനും സെക്രട്ടറിയേറ്റ് അംഗീകാരം നൽകും.

ബാലഭാസ്കറിന്‍റെ മരണം, കലാഭവൻ സോബിയുടെ മൊഴിയെടുക്കാൻ സിബിഐ

സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി ഇന്ന് സിബിഐ രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് സോബി മൊഴി നൽകുക. ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് നേരത്തെ സോബി മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സിബിഐ സംഘം കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും അച്ഛൻ ഉണ്ണിയുടേയും മൊഴിയെടുത്തിരുന്നു.

തിരുവനന്തപുരത്തെ തീരദേശലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളിലും ഈ മാസം 16 വരെ ലോക്ക് ഡൗൺ കർശനമായി തുടരും. ഓഗസ്റ്റ് പത്ത് മുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും നടത്താം. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളു. തീരദേശ സോണുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാം. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തന അനുമതിയുണ്ട്.

വിദ്യാഭ്യാസകോൺക്ലേസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ കോൺക്ലേവ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന പരിഷ്കരണങ്ങളാണ് കോൺക്ലേവിന്‍റെ പ്രമേയം. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.

വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, വിവരസാങ്കേതികവകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്ര എന്നിവരും പങ്കെടുക്കും. വിദ്യാഭ്യാസനിയമത്തിന്‍റെ കരട് തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളും വിവിധ സെഷനുകളിലായി പങ്കെടുക്കും.

കടൽക്കൊലക്കേസ് തീർപ്പാക്കിയേക്കും

രാജ്യാന്തര കോടതിയുടെ വിധി വന്ന സാഹചര്യത്തിൽ കടൽകൊലക്കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം കേസ് തീർപ്പാക്കണമെന്ന ആവശ്യത്തെ എതിർക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. ക്രിമിനൽ കേസിൽ വിചാരണ നടത്തരുത് എന്ന് ആവശ്യപ്പെടാൻ രാജ്യാന്തര കോടതിക്ക് അധികാരമില്ല. കേസിലെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണം തുടങ്ങിയ വാദങ്ങൾ കേരളം ഉയർത്തും. എന്നാൽ നാവികർക്കെതിരെ സ്വീകരിച്ച ക്രിമിനൽ നടപടികൾ ശരിവെച്ച അന്താരാഷ്ട്ര കോടതി കേസിൽ തീർപ്പ് കല്പിക്കാനുള്ള അധികാരം ഇന്ത്യക്ക് ഇല്ലെന്നാണ് നിരീക്ഷിച്ചത്. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു.

click me!